Movie News

യാത്രയുടെ രണ്ടാം ഭാഗത്തില്‍ തമിഴ്‌നടന്‍ ജീവ മമ്മൂട്ടിയുടെ മകനാകുന്നു ; ഇനി ജഗ്‌മോഹന്‍ റെഡ്ഡിയുടെ കഥ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം ‘യാത്ര’ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. അതിന്റെ തുടര്‍ച്ചയായ രണ്ടാം ഭാഗത്ത് തമിഴ്‌നടന്‍ ജീവയും. ഇതാദ്യമായിട്ടാണ് മമ്മൂട്ടിയും ജീവയും ഒരുമിക്കുന്നത്.

സിനിമാ പ്രേമികള്‍ക്കും രാഷ്ട്രീയ പ്രേമികള്‍ക്കും ഒരുപോലെ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ച യാത്ര 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അനാച്ഛാദനത്തിന് ഒപ്പമാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും. മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത്.

വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തിലാണ് ജീവ വരുന്നത്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഐതിഹാസിക നേതാവിനെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുന്നു. വൈഎസ് ജഗന്റെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന പരമ്പരാഗത വെള്ള വസ്ത്രം ധരിച്ച ജീവയുടേയും മമ്മൂട്ടിയുടേയും തീവ്രമായ പോസിലാണ് ‘യാത്ര 2’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

രണ്ടാം ഭാഗം ജഗന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്തനായ പിതാവ് വൈഎസ്ആറിന്റെ പാത പിന്തുടരുന്ന ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു. 2009 മുതല്‍ 2019 വരെയുള്ള പത്തുവര്‍ഷത്തെ ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെ പരിവര്‍ത്തന കാലഘട്ടത്തിലേക്കും ഇത് വെളിച്ചം വീശും.

ആകര്‍ഷകമായ പോസ്റ്ററിനും കൗതുകമുണര്‍ത്തുന്ന ഡയലോഗിനും പുറമേ, ‘യാത്ര 2’ ന്റെ റിലീസ് തീയതി 2024 ഫെബ്രുവരി 8-നാണ്. 2019 ഫെബ്രുവരി 8-ന് പ്രദര്‍ശനത്തിനെത്തിയ യഥാര്‍ത്ഥ ‘യാത്ര’യുടെ അഞ്ചാം വാര്‍ഷികത്തിലാണ് രണ്ടാം പതിപ്പ് വരുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയില്‍ സന്തോഷ് നാരായണന്‍ സംഗീതം നല്‍കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.