Movie News

കാത്തിരുന്നോളൂ… കെജിഎഫ് മൂന്നാം ചാപ്റ്ററും വരും; യാഷും ഗീതുമോഹന്‍ദാസും ഒന്നിക്കുന്നു

കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് കെ.ജി.എഫ് ഉയര്‍ത്തിയത്. സിനിമയുടെ രണ്ടു ഭാഗവും വന്‍ വിജയവും നേടിയിരുന്നു. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗം വരുന്നെന്നാണ് ഏറ്റവും പുതിയ വിവരം. കെജിഎഫ് ചാപ്റ്റര്‍ 3, 2025 ല്‍ പുറത്തുവരുമെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്നത്.

മിക്കവാറും സിനിമ 2025 ഒക്‌ടോബറില്‍ ഉണ്ടാകുമെന്നാണ് സംവിധായകനെ ഉദ്ധരിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍. 2024 ഒക്‌ടോബറില്‍ പ്രശാന്ത് ഇതിന്റെ പണി തുടങ്ങുമെന്നാണ് വിവരം. ഈ വര്‍ഷം അവസാനം തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അതിനിടയില്‍ യാഷ് മലയാളത്തിലെ മുന്‍ നായികയും നിലവില്‍ സംവിധായികയുമായി മാറിയിട്ടുള്ള ഗീതുമോഹന്‍ദാസുമായി കൈകോര്‍ക്കുകയാണ്.

ചിത്രത്തിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്, സിനിമയുമായി ബന്ധപ്പെട്ട് യാഷിന്റെ സിനിമയ്ക്ക് അനുയോജ്യമായ ലുക്കുകള്‍ പരിശോധിക്കുകയാണ് ഗീതു. യാഷും ഗീതു മോഹന്‍ദാസും ഇതാദ്യമായിട്ടാണ് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. യാഷിന്റെയും ഗീതുവിന്റെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

സംവിധായിക എന്ന നിലയില്‍ ഗീതു മോഹന്‍ദാസ് മലയാള സിനിമയുടെ മണ്ഡലത്തില്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അസാധാരണമായ പ്രവര്‍ത്തനത്തിന് മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അഭിമാനകരമായ ദേശീയ ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഗീതുവിനെ തേടി വന്നിരുന്നു.