Oddly News

പഴയ കോട്ടകളും 15 പ്രേതങ്ങളും തികച്ചും സൗജന്യം…! 6ഏക്കര്‍ വരുന്ന സ്വകാര്യ കടല്‍ത്തീരമുള്ള ദ്വീപ് വില്‍പ്പനയ്ക്ക്

ബ്രിട്ടനിലെ ഡെവോണ്‍ തീരത്ത് നിന്ന് ഒട്ടും വിദൂരയല്ലാതെ ആറ് ഏക്കര്‍ വരുന്ന സ്വകാര്യ കടല്‍ത്തീരമുള്ള ദ്വീപ് വില്‍പ്പനയ്ക്ക്. ഒരു ആഡംബര ഹോട്ടല്‍ ആസൂത്രണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ കോട്ട കൊത്തളങ്ങളും മറ്റും ഇതിലുണ്ട്. പ്ലിമൗത്തില്‍ നിന്ന് 600 യാര്‍ഡ് മാത്രം അകലെയുള്ള ഡ്രേക്ക്‌സ് ദ്വീപിനെക്കുറിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നൂറുകണക്കിന് വര്‍ഷങ്ങളായി സൈനിക പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന ഇവിടെ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലെ കോട്ടകൊത്തളങ്ങളും സൈനീക ഉപകരണങ്ങളുമുണ്ട്.

ബോട്ടില്‍ എത്താന്‍ 10 മിനിറ്റില്‍ താഴെ സമയമേ എടുക്കു. എല്ലായിടത്തും സൈനിക ചരിത്രമുള്ള ദ്വീപില്‍ പഴയ ബാരക്കുകളും പീരങ്കിയും ബാറ്ററികളും ഷെല്‍ ഷാഫ്റ്റുകളും ഭൂഗര്‍ഭ വെടിമരുന്ന് സ്റ്റോറുകളുമെല്ലാമുണ്ട്. രേഖപ്പെടുത്തി ചരിത്രം അനുസരിച്ച് ഇതിന് 2,000 വര്‍ഷത്തിലധികം ചരിത്രമുണ്ടെന്നും രേഖപ്പെടുത്തിയ ആദ്യത്തെ കെട്ടിടം 1135 ആണെന്നും നിലവിലെ ഉടമയും പ്രാദേശിക വ്യവസായിയുമായ മോര്‍ഗന്‍ ഫിലിപ്‌സ് പറയുന്നു. 2019-ല്‍ 6 മില്യണ്‍ പൗണ്ടിനാണ് ഇദ്ദേഹം ദ്വീപ് വാങ്ങിയത്. 43 കിടക്കകളുള്ള ഒരു ഹോട്ടല്‍ നിര്‍മ്മിക്കുന്നതിനായിരുന്നു നീക്കം.

ഇപ്പോള്‍ അദ്ദേഹം ഗ്രൂപ്പുകള്‍ക്ക് ഗൈഡഡ് ടൂറുകള്‍ നല്‍കുന്നു. സര്‍ ഫ്രാന്‍സിസ് ഡ്രേക്കിന്റെ പേരാണ് ദ്വീപിന് നല്‍കിയിരിക്കുന്നത്. 1577-ല്‍ ഭൂഗോളത്തെ ചുറ്റാന്‍ അദ്ദേഹം അവിടെ കപ്പലിറങ്ങി. ദ്വീപിന്റെ നവീകരണത്തിന് മാത്രം ചെലവ് ഏകദേശം 25 മില്യണ്‍ പൗണ്ടാണ്. അതേസമയം നിങ്ങള്‍ ദ്വീപ് വാങ്ങിയാല്‍ ഇവിടെ ഒറ്റയ്ക്കായിരിക്കില്ലെന്ന് ഫിലിപ്‌സ് പറയുന്നു. ഇവിടെ താമസിക്കുന്ന മുന്‍ സൈനികരായ 15 പ്രേതങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഫ്രീയാണ്. ഡ്രേക്ക് ഐലന്റിനെ സംരക്ഷിക്കാന്‍ 15 മുന്‍ സൈനികരെ നിയോഗിച്ചിരുന്നു.

”ഞങ്ങളെ സംരക്ഷിക്കാന്‍ അവര്‍ ഇവിടെയുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്തത് അതാണ്. അതു തന്നെയാണ് അവര്‍ ഇപ്പോഴും ചെയ്യുന്നത്. എനിക്ക് വിശദീകരിക്കാനാകാത്ത കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം വളരെ മനോഹരമാണ്.” ഫിലിപ്‌സ് തറപ്പിച്ചുപറയുന്നു. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാരായ കാര്‍ട്ടര്‍ ജോനാസില്‍ നിന്നുള്ള അലി റാണയാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നത്.