Sports

‘ലോസ് ഏഞ്ചല്‍സ് അപ്പോകാലിപ്‌റ്റോ സിനിമയെക്കാള്‍ മോശം’ നീന്തല്‍താരത്തിന് നഷ്ടമായത് 10 ഒളിമ്പിക് മെഡലുകള്‍

കാട്ടുതീയെ തുടര്‍ന്ന് എല്ലാം കത്തിച്ചാമ്പലായ ലോസ് ഏഞ്ചല്‍സ് നഗരം അപ്പോകാലിപ്‌റ്റോ സിനിമയേക്കാള്‍ മോശമായ സ്ഥിതിയിലാണെന്നും 10 ഒളിമ്പിക്‌സ് മെഡലുകളാണ് തീയില്‍ നഷ്ടമായതെന്നും അമേരിക്കയുടെ ഇതിഹാസ നീന്തല്‍താരം ഗാരിഹാള്‍ ജൂനിയര്‍. ഹോളിവുഡ് സിനിമാനടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും അടക്കം ഒട്ടേറെ പേര്‍ക്ക് വീടുള്‍പ്പെടെ വിലപ്പെട്ട പലതും നഷ്ടമായ കാട്ടുതീയില്‍ തന്റെ ഏറ്റവും വിലപ്പെട്ട വസ്തുക്കളാണ് ഗാരി ഹാള്‍ ജൂനിയറിന് നഷ്ടമായത്. ദുരന്തബാധിതമായ പസഫിക് പാലിസേഡില്‍ വാടകവീട്ടിലായിരുന്നു ഗാരിഹാള്‍.

നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ള ഏതൊരു അപ്പോക്കലിപ്സ് സിനിമയേക്കാളും 1000 മടങ്ങ് മോശമായി കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ താന്‍ കാറിലേക്ക് ചാടുമ്പോള്‍ തീക്കനലുകള്‍ തന്റെ മേലേയ്ക്ക് പെയ്യുന്നുണ്ടായിരുന്നു. ആകെപ്പാടെ സമയം കിട്ടിയത് പട്ടിയെയും കുറച്ച് വ്യക്തിഗത സാധനങ്ങളും എടുക്കാന്‍ മാത്രമായിരുന്നു. തങ്ങള്‍ക്ക് മാത്രമല്ല ഓരോ വ്യക്തികള്‍ക്കും ഇങ്ങിനെയായിരുന്നെന്നും പറഞ്ഞു. ” രക്ഷപ്പെടാനുള്ള തിരക്കില്‍, തന്റെ പത്ത് ഒളിമ്പിക് മെഡലുകള്‍ ഉപേക്ഷിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. 1996 അറ്റ്‌ലാന്റ, 2000 സിഡ്‌നി, 2004 ഏഥന്‍സ് ഒളിമ്പിക് ഗെയിംസുകളിലായി ഹാള്‍ അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു.

എല്ലാം കത്തിനശിച്ചെന്നും തന്റെ വീടോ നീന്തല്‍ക്കുളമോ മാത്രമല്ല, തന്റെ ബിസിനസ്സും പോയിക്കഴിഞ്ഞു എന്നും എല്ലാം വീണ്ടും ഒന്നുമുതല്‍ തുടങ്ങണമെന്നും ഹാള്‍ പറഞ്ഞു. മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനിടയില്‍ ചൊവ്വാഴ്ച മുതല്‍ ആളിക്കത്തുന്ന തീയാണ് നഗരത്തെ വിഴുങ്ങിയത്. പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കാട്ടുതീ ജീവിതത്തിന്റെ ഭാഗമാണ്, പ്രകൃതിയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം അത് കൂടുതല്‍ കഠിനമായ കാലാവസ്ഥയ്ക്ക് കാരണമായെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.