Oddly News

ചുവരുകൾ മുതൽ ടോയ്‌ലറ്റുവരെ സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ലോകത്തിലെ ഏക ഹോട്ടൽ

ലോകത്തിലെ പല സ്ഥലങ്ങളും അവയുടെ തനതായ സവിശേഷതകൾക്ക് പേരുകേട്ടതാണ്. ചിലത് അതിമനോഹരമായ ബീച്ചുകൾക്ക്, മറ്റുള്ളവ ആകർഷണീയമായ കാഴ്ചകള്‍ക്ക്. എന്നാല്‍ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളാൽ വേറിട്ടുനിൽക്കുന്ന ഒരു ഹോട്ടലാണ്. വിയറ്റ്നാമിലെ ഹനോയിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടല്‍, ചുവരുകൾ മുതൽ ബാത്ത്റൂം ഫിക്‌ചറുകൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞ് വാർത്തകളിൽ ഇടം നേടുന്നു. വിയറ്റ്‌നാമിലെ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടലാണ് സ്വർണ്ണ അലങ്കാരങ്ങളാൽ അമ്പരപ്പിക്കുന്നത്.

25 നിലകളും 400 മുറികളുമുള്ള പഞ്ചനക്ഷത്ര ഹോട്ടലാണിത്. ഊണുപാത്രങ്ങൾ പോലും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതാതയത് ഇവിടുത്തെ താമസം അതിഥികൾക്ക് രാജകീയമായി തോന്നും.

54,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്വർണം പൂശിയ ടൈലുകൾ കൊണ്ടാണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. അകത്ത്, ലോബിയിലും ഫർണിച്ചറുകളിലും അലങ്കാരങ്ങളിലും ആഡംബരപൂർണമായ സുവർണ്ണ തീം തുടരുന്നു. സ്റ്റാഫ് യൂണിഫോമുകൾ പോലും ചുവപ്പും സ്വർണ്ണവുമാണ്.


ഈ ഹോട്ടലിലെ കുളിമുറികൾ സ്വർണ്ണ ചാരുതയുടെ ഒരു പ്രദർശനം കൂടിയാണ്. മുറികളിലെ ഫർണിച്ചറുകളും അലങ്കാരങ്ങളും സ്വർണ്ണ പൂശുന്നു, ബാത്ത് ടബ്ബുകൾ, സിങ്കുകൾ, ഷവറുകൾ എന്നിവയുൾപ്പെടെ എല്ലാ ബാത്ത്റൂം ഫർണിച്ചറുകളും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൻ്റെ ഇൻഫിനിറ്റി പൂളിന് സ്വർണ്ണം പൂശിയ ഇഷ്ടികകൾ കൊണ്ട് പൊതിഞ്ഞ ഒരു പുറം ഭിത്തിയുണ്ട്.

ഈ ഹോട്ടലിലെ ഒരു മുറിയുടെ വാടക ഏകദേശം 20,000 രൂപയിൽ തുടങ്ങുന്നു. ഒരു ഡബിൾ ബെഡ്‌റൂം സ്യൂട്ടിന്, ഒരു രാത്രിക്ക് ഏകദേശം 75,000 രൂപയാണ് നിരക്ക്. ഏറ്റവും ആഢംബര ഓപ്ഷനായ പ്രസിഡൻഷ്യൽ സ്യൂട്ടിന് ഒരു രാത്രിക്ക് 4.85 ലക്ഷം രൂപയാണ് വാടക. രാജകീയ പ്രൗഢിയുടെ സ്പർശം അനുഭവിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണിത്.