Oddly News

‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്.

സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന സ്ഥലത്താണ് കഷ്ടിച്ച് ഒരു മീറ്റര്‍ വീതിയില്‍ ഈ വീട് നിര്‍മ്മിച്ചത്. ‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ എന്ന വിശേഷണമാണ് പിന്നീട് ഈ വീടിന് ലഭിച്ചത്. ‘വിദ്വേഷത്തിന്റെ വീട്’ എന്ന അര്‍ഥത്തില്‍ പ്രാദേശിക ഭാഷയില്‍ ‘കാസാ ഡു കുരിവു’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച ഇരുനില വീടാണ് കാസാ ഡു കുരിവു. 1950കളിലാണ് സംഭവം നടക്കുന്നത്. അന്നൊക്കെ ഒറ്റനിലയുള്ള വീടുകള്‍ക്ക് മുകളിലേക്ക് കൂടുതല്‍ മുറികള്‍ നിര്‍മിച്ച് സൗകര്യം വര്‍ധിപ്പിക്കുന്നത് അന്നാട്ടില്‍ പതിവായിരുന്നു. എന്നാല്‍ ഇത്തരം നവീകരണത്തിന് അയല്‍ക്കാരുടെ സമ്മതം ആവശ്യമായിരുന്നു.

അങ്ങനെ കാസാ ഡു കുരിവുവിന്റെ ഉടമയും മുകളിലേക്ക് അധികമുറികള്‍ നിര്‍മിക്കാനായി അയല്‍വാസിയുടെ അനുമതി തേടി. അത്തരത്തില്‍ വീട് മുകളിലേക്ക് ഉയര്‍ത്തിയാല്‍ ചുറ്റുമുള്ള പ്രദേശങ്ങള്‍ തന്റെ വീട്ടിലിരുന്ന് കാണാനാവാത്ത വിധത്തില്‍ തടസ്സമാകും എന്ന് തോന്നിയ അയല്‍ക്കാരന്‍ അനുമതി നല്‍കിയില്ല. പോംവഴി തേടി അദ്ദേഹം മുന്‍സിപ്പാലിറ്റിയെ സമീപിച്ചു. നിര്‍ദ്ദിഷ്ട അകലത്തില്‍ നിര്‍മിച്ചാല്‍ മാത്രമേ അയല്‍ക്കാരന്റെ അനുമതി തേടാതിരിക്കാന്‍ സാധുതയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ഉദ്ദേശിച്ചതു പോലെ വീടിന് മുകളിലേക്ക് മുറികള്‍ നിര്‍മിക്കാനാവില്ലെങ്കിലും അയല്‍ക്കാരനെ വെറുതെ വിടാന്‍ പാടില്ല എന്ന് ഉടമ മനസ്സില്‍ ഉറപ്പിച്ചു.

നിയമപ്രകാരമുള്ള അകലത്തില്‍ പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ പകപോക്കാനായി ഉള്ള സ്ഥലത്ത്  കെട്ടിയുയര്‍ത്തിയതാണ് മൂന്നടി മാത്രം വീതിയുള്ള ഈ പുതിയ വീട്. വീടിന് വലുപ്പംകൂട്ടാന്‍ അനുമതി നിഷേധിച്ച അയല്‍ക്കാരന്റെ വീട് അപ്പാടെ മറച്ചുകൊണ്ട് കാസാ ഡു കുരിവു ഉയര്‍ന്നുവന്നു. അയല്‍ക്കാരനാവട്ടെ അത് യാതൊരുവിധത്തിലും തടസ്സപ്പെടുത്താനും പറ്റിയില്ല.

എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല വീട്ടുടമയുടെ പക. പുതിയ കെട്ടിടത്തില്‍ അയല്‍ക്കാരന്റെ വീടിന് അഭിമുഖമായുള്ള ഭാഗത്ത് മുഴുവന്‍ കറുപ്പ് നിറം പെയിന്റ് ചെയ്തു. വിനോദസഞ്ചാരകേന്ദ്രമല്ലാതിരുന്നിട്ടും വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് കാണാനായി ധാരാളം സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെയാണ് വിദ്വേഷത്തിന്റെ വീട് ലോകശ്രദ്ധ നേടിയത്. വീടിന്റെ മുന്‍ഭാഗം കണ്ടാല്‍ എന്തെങ്കിലും പ്രത്യേകതകളുള്ളതായി തോന്നില്ല. എന്നാല്‍ വശങ്ങളില്‍നിന്ന്  നോക്കുമ്പോഴാകട്ടെ ഒരാള്‍ക്ക് മാത്രം നില്‍ക്കാനാവുന്ന വീതിയില്‍ ഇടുങ്ങിയ മുറികള്‍ കാണാം. പ്ലാസ്റ്ററിങ്ങോ മറ്റു മിനുക്കുപണികളോ ചെയ്തിട്ടില്ല. ജനാലകളും വാതിലുകളുമൊക്കെ ഉണ്ടെങ്കിലും ഒരുതരത്തിലും ജീവിക്കാനുള്ള സാഹചര്യം ഈ വീട്ടിലില്ല.