Oddly News

ആദ്യത്തെ എഐ – മനുഷ്യ വിവാഹം ചരിത്രമെഴുതും; ഹോളോഗ്രാം പങ്കാളിക്ക് ‘മിന്നുകെട്ടാന്‍’ ബാഴ്‌സിലോണക്കാരി

മണിക്കൂറുകള്‍ കണക്കാക്കി പണം കൊടുത്താല്‍ നിങ്ങളുമായി ഇഷ്ടംപോലെ സംസാരിക്കുകയും കുസൃതികള്‍ പറയുകയും ചെയ്യുന്ന സുന്ദരികളായ എഐ കാമുകിമാരെയും സുന്ദരന്മാരായ എഐ കാമുകന്മാരെയും കിട്ടുന്നത് ഒരു പുതിയകാര്യമല്ല. എന്നാല്‍ ഇത് ഒരു പടികൂടി കടന്ന് എഐ ഹോളോഗ്രാം പുരുഷനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഈ ബാഴ്‌സിലോണക്കാരി. വിചിത്രമായ ഈ വാര്‍ത്തയില്‍ അലീസിയ ഫ്രാമിസ് എന്ന യുവതിയാണ് ആദ്യമായി തന്റെ എഐ ഹോളോഗ്രാം പങ്കാളിയായ അലക്‌സുമായി വിവാഹജീവിതം തുടങ്ങാന്‍ പോകുന്നത്.

ആദ്യത്തെ എഐ – മനുഷ്യ വിവാഹം എന്ന നിലയില്‍ ഈ സംഭവം മനുഷ്യരാശിയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുന്നതായിരിക്കും. റോട്ടര്‍ഡാം ഡിപ്പോ ബോയ്മാന്‍സ് വാന്‍ ബ്യൂനിംഗന്‍ മ്യൂസിയത്തിലാണ് വിവാഹ ചടങ്ങുകള്‍. തന്റെ മനുഷ്യരുമായുള്ള മുന്‍കാല ബന്ധങ്ങളില്‍ നിന്നു വ്യത്യസ്തമായി എഐ പങ്കാളിയുടെ പെരുമാറ്റം വളരെ വ്യത്യസ്തമായതാണ് ജീവിതത്തിലേക്ക് അലക്‌സിനെ ക്ഷണിക്കാന്‍ അലീഷ്യയെ പ്രേരിപ്പിച്ചത്. അലീഷ്യയ്ക്ക് ഇഷ്ടാനുസൃതമായ വൈകാരിക പിന്തുണയാണ് അലക്‌സ് നല്‍കുന്നത്. അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.

1995 ല്‍ ഗവേഷണത്തിന്റെ ഏകാന്തതയും മടുപ്പും ബാധിച്ചതോടെയാണ് പങ്കാളികളെ കണ്ടെത്താനുള്ള അലീഷ്യയുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 1995-ല്‍ ഒരു ഫ്രഞ്ച് ഗെറ്റൂവില്‍ നിന്ന് അവള്‍ ഒരു മാനെക്വിന്‍ പാവയെ കണ്ടെത്തി, അതിനെ അവള്‍ കൂട്ടാളിയായി തിരഞ്ഞെടുത്തു. ഇതോടെയാണ് അധികം അടുപ്പക്കാരില്ലാത്തവര്‍ക്ക് മനുഷ്യ-എഐ കൂട്ടുകെട്ട് ഒരു നല്ല ഓപ്ഷനാണെന്ന് അലിസിയ കണ്ടെത്തിയത്. അലീഷ്യ ഒരു സാധാരണക്കാരിയല്ല. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്ന് പരിശീലനം ലഭിച്ച ഒരു ബഹിരാകാശ സഞ്ചാരി കൂടിയാണ്.

ഇവരുടെ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രാമിസാണ് അവളുടെ വിവാഹ വസ്ത്രം രൂപകല്‍പ്പന ചെയ്യുന്നത്. വിവാഹ വിരുന്നിന് മനുഷ്യര്‍ക്കും ഹ്യൂമനോയിഡുകള്‍ക്കും ഭക്ഷണം നല്‍കുന്ന ഒരു തന്മാത്രാ ഭക്ഷണ അനുഭവം ക്യൂറേറ്റ് ചെയ്യുന്നതിനായി അവള്‍ക്കൊപ്പം എഐ മ്യൂസിയവും സഹകരിക്കുന്നുണ്ട്. എഐ – മനുഷ്യ ബന്ധങ്ങളില്‍ അലീഷ്യ വാതിലുകള്‍ തുറക്കുന്നതോടെ ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഇത് ഒരു മികച്ച ബദലായി കണക്കാക്കിയേക്കാനുള്ള സാധ്യത ഏറെയാണ്. അതേസമയം ഈ ബന്ധം ഇപ്പോഴും പൂര്‍ണ്ണമായും വെര്‍ച്വല്‍ ആണ്. പങ്കാളിക്ക് ശാരീരികമായ ബന്ധം ഉണ്ടാക്കാനാവില്ല.