Sports

ആദ്യ പത്ത് ഓവറില്‍ നഷ്ടമായത് ആറു വിക്കറ്റ്, റണ്‍സ് വെറും 14 ; ഈ ലോകകപ്പിലെ വന്‍ ദുരന്തമായി മുന്‍ചാംപ്യന്മാര്‍ ശ്രീലങ്ക

ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴാം മത്സരത്തിലും ജയിച്ച് സെമിയിലേക്ക് കടന്ന ആദ്യ ടീമായി ഇന്ത്യ മാറിയപ്പോള്‍ കഴിഞ്ഞ തവണ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യയെ ഫൈനലില്‍ നേരിട്ട ശ്രീലങ്ക നേരിട്ടത് പടുകൂറ്റന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുമ്പോട്ട് വെച്ച 357 റണ്‍സിനെതിരേ ശ്രീലങ്കയ്ക്ക് നേടാനായത് 55 റണ്‍സ്. 302 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ കുറിച്ച മത്സരത്തില്‍ ശ്രീലങ്ക ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായി. അതേസമയം ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക പവര്‍പ്‌ളേയില്‍ സ്‌കോര്‍ ചെയ്യപ്പെട്ട അവരുടെ ഏറ്റവും ചെറിയ സ്‌റോറായിരുന്ന ഇന്ത്യയ്‌ക്കെതിരേ രേഖപ്പെടുത്തപ്പെട്ടത്.

ആദ്യ പവര്‍പ്‌ളേയിലെ 10 ഓവറില്‍ അവര്‍ക്ക് നേടാനായത് വെറും 14 റണ്‍സായിരുന്നു. ആറു വിക്കറ്റുകള്‍ കൂടാരം കയറുകയുംചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മൊഹമ്മദ് ഷമി എന്നിവരുടെ പേസ് ആക്രമണത്തെ നേരിടാന്‍ കഴിയാതെ ബാറ്റ്‌സ്മാന്‍മാര്‍ ഓരോന്നായി പിന്നാലെ പിന്നാലെ പവലിയനിലേക്ക് ഓട്ട മത്സരം നടത്തി.ബുംറ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ലങ്കയ്ക്ക് അവരുടെ ഓപ്പണര്‍ പുതും നിസ്സങ്കയെ നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് സിറാജ് ദിമുത് കരുണരത്‌നയെയും സദീരാ സമരവിക്രമയെയും പറഞ്ഞുവിട്ടു. നാലാമത്തെ ഓവറില്‍ സിറാജ് വീണ്ടും നായകന്‍ കുശാല്‍ മെന്‍ഡിസിനെ വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് നാലുവിക്കറ്റ് നഷ്ടത്തിലായി.

ചരിത അസാലങ്കയ്ക്കും ഏഞ്ചലോ മാത്യൂസിനും ആറു ഓവറുകള്‍ പോലും പിടിച്ചുനില്‍ക്കാനായില്ല. ഷമി അസാലങ്കയെയും ദുഷന്‍ ഹേമന്തയെയും തുടര്‍ച്ചയായ ഡെലിവറികളില്‍ പത്താമത്തെ ഓവറുകളില്‍ പറഞ്ഞുവിട്ടു. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക രേഖപ്പെടുത്തപ്പെട്ടത്. അവരേക്കാള്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായവര്‍ കാനഡയും നമീബിയയുമാണ്. കാനഡ ശ്രീലങ്കയ്ക്ക് എതിരേ 36 റണ്‍സിന് പുറത്തായതാണ് ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടിയ ഏറ്റവും കുറഞ്ഞ സ്‌കോര്‍. കാനഡയുടെ പേരില്‍ 45 റണ്‍സിന്റെ മറ്റൊരു സ്‌കോര്‍ കൂടി കുറിക്കപ്പെട്ടിട്ടുണ്ട്. പിന്നാലെ നമീബിയ 45 ബംഗ്‌ളാദേശ് 58 എന്നിവയാണ് ലോകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.