Lifestyle

കംപ്യൂട്ടറിനു മുന്നിലാണോ ജോലി? കണ്ണിനെ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’ വേറെ കിട്ടും

ജോലി സംബന്ധമായി ഇന്ന് മിക്ക ആളുകളും കംപ്യൂട്ടര്‍ വളരെ കൂടുതല്‍ സമയം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇങ്ങനെ കംപ്യൂട്ടറിന്റെ ഉപയോഗം കൂടുന്നത് കണ്ണിന് പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. തലവേദന, കാഴ്ച തകരാറുകള്‍, കണ്ണില്‍ നിന്നും വെള്ളം വരിക, വസ്തുക്കള്‍ രണ്ടായി കാണുക തുടങ്ങിയവയാണു സാധാരണ ഗതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍.

ഇത്തരം പ്രശ്നങ്ങളെ കണ്ണുകള്‍ക്ക് വേണ്ടിയുള്ള ചില ചെറിയ ചെറിയ വ്യായാമങ്ങള്‍ കൊണ്ട് തന്നെ പരിഹരിക്കാവുന്നതാണ്. കണ്ണിനുണ്ടാകുന്ന ആയാസവും തളര്‍ച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി കൂട്ടാന്‍ ചില പ്രത്യേക വ്യായാമങ്ങള്‍ സഹായിക്കും. ഈ വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  • കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കണ്ണില്‍ നിന്നും 20 ഇഞ്ച് അലകത്തില്‍ കംപ്യൂട്ടര്‍ വയ്ക്കുക. ദിവസവും 20 അടി അകലെയുള്ള വസ്തുവിലേയ്ക്കു 20 സെക്കന്റ് നോക്കുക. ഇത് ഓരോ 20 മിനിട്ടിലും ആവര്‍ത്തിക്കുക.
  • കൃഷ്ണമണികള്‍ ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി, കൃഷ്ണമണികള്‍ മുകളിലേയ്ക്കും താഴേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കാം. ഇരുവശങ്ങളിലേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കണം.
  • പേന കൈ അകലത്തില്‍ നീട്ടിപ്പിടിച്ച് അതിന്റെ മുകള്‍ ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും ചലപ്പിച്ചു കൊണ്ടു മേല്‍പറഞ്ഞ വ്യായാമം ചെയ്യാം. 10 പ്രാവശ്യം ചെയ്യണം.
  • കണ്ണിനു വരള്‍ച്ച അനുഭവപ്പെടുന്നവര്‍ ഇടയ്ക്കിടയ്ക്കു കണ്ണു ചിമ്മുക.
  • ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുക. ചുറ്റുമുള്ള ഓരോ വസ്തുവിനെയും പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിട്ട് ഇങ്ങനെ ചെയ്യുന്നതു കണ്ണിലെ പേശികളുടെ വഴക്കം കൂട്ടും.
  • അകലെയുള്ള ഒരു വസ്തുവിനെ നോക്കുക. തുടര്‍ന്നു മൂക്കിന്റെ അഗ്രഭാഗത്തു നോക്കുക. ഇതു 10 പ്രാവശ്യം ആവര്‍ത്തിക്കാം.
  • കസേരയില്‍ ഇരിക്കുക. ആയാസപ്പെടാതെ, കണ്ണിനു നേരെ കൈ കൊണ്ടുവരാന്‍ പാകത്തിനു കസേര കയ്യില്‍ കുഷ്യന്‍ വയ്ക്കുക. രണ്ടു കൈ കൊണ്ടും കണ്ണ് മൂടിപ്പിടിക്കുക. അമര്‍ത്തരുത്. കട്ടപിടിച്ച ഇരുട്ടു സങ്കല്‍പിച്ചു കൊണ്ടു സാവകാശം ശ്വാസോച്ഛ്വാസം ചെയ്യുക. അഞ്ചു മിനിട്ടു വീതം ദിവസവും രണ്ടു മൂന്നു പ്രാവശ്യം ചെയ്യാം