അപൂർവമായ പല കാഴ്ചകളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഒരു വൃക്ഷമാണ് സഞ്ചാരികളെ ആകർഷിക്കുന്നത് . ഏതാണ്ട് 25 വർഷം പഴക്കമുള്ള മരമാണിത്. എന്നാൽ ഇതിന്റെ പുതിയ രൂപമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മരം നേർപകുതിയിൽ മുറിച്ചുമാറ്റിയിരിക്കുന്നു.
മരത്തിന്റെ ഒരു വശത്ത് മാത്രം ശിഖരങ്ങളും ഇലകളും. മറുപകുതി ശൂന്യം.. എന്നാൽ ഈ മരം വളരെ രസകരമായ, കാലങ്ങൾ നീണ്ട ഒരു വഴക്കിന്റെ പരിണിത ഫലമാണത്രേ. ഇങ്ങനെ മരത്തിന്റെ പകുതി നഷ്ടമാകാൻ കാരണം മറ്റൊന്നുമല്ല രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു വർഷത്തെ തർക്കമാണ് . മരത്തിൽ പ്രാവുകൾ വന്നിരുന്ന് ശബ്ദമുണ്ടാക്കുന്നെന്നും അവരുടെ ഡ്രൈവ് വേയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ പ്രാവുകൾ കാഷ്ഠിക്കുന്നുവെന്നും പറഞ്ഞാണ് വഴക്കിന്റെ തുടക്കം . വർഷങ്ങളായി ഇരു വീട്ടുകാരും സംയുക്തമായി പരിപാലിച്ചിരുന്ന മരം അടുത്തിടെയാണ് ഒരു അയൽവാസിക്ക് പ്രശ്നമായി മാറിയത്.
എന്തായാലും പ്രാവുകളെ തുരത്താൻ വേറെയും മാർഗങ്ങൾ ഉണ്ടെന്നിരിക്കെ ഈ പ്രവൃത്തി വിമർശനവും നേരിടുന്നുണ്ട്. മരത്തിന്റെ ബാക്കി പകുതിയുടെ ഒരു ഫോട്ടോ ഓൺലൈനിൽ വൈറലായതോടെ ഇങ്ങോട്ടേക്ക് സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങുകയായിരുന്നു .