ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും, നീണ്ട മുടിയെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ചൈനയിലെ ഹുവാങ്ലുവോ യാവോ ഗ്രാമത്തിലെ റെഡ് യാവോ സ്ത്രീകളെപ്പോലെ നീളമുള്ള മുടിയുടെ സാംസ്കാരിക പ്രാധാന്യം ലോകത്തിലുള്ള ഒരു സമൂഹവും സംരക്ഷിച്ചിട്ടില്ല എന്ന് വേണം കരുതാൻ.
പറഞ്ഞുവരുന്നത് ചൈനയിലെ ഗ്വാ ങ്‌സി ഷുവാങ് മേഖലയിൽ സ്ഥിതിചെയുന്ന”ലോംഗ് ഹെയർ വില്ലേജ്” എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചാണ്.
ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് ആറോ ഏഴോ അടി വരെ മുടി വളർത്തുന്ന പാരമ്പര്യമാണുള്ളത്. അതിനാൽ ജനപ്രിയ നാടോടിക്കഥയിലെ കഥാപാത്രമായ റാപ്പുൻസലുകളോടാണ് ഇവരെ ഉപമിച്ചിരിക്കുന്നത്. “യഥാർത്ഥ ജീവിതത്തിലെ റാപ്പുൻസലുകൾ” എന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്.
റെഡ് യാവോ സ്ത്രീകൾ അതായത് ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്ന ഈ സ്ത്രീകൾ അവരുടെ ജീവിതകാലത്ത് ഒരിക്കൽ മാത്രമാണ് മുടി മുറിക്കുക. അത് പലപ്പോഴും അവർക്ക് 18 വയസ്സ് തികയുമ്പോഴായിരിക്കും. തുടർന്ന് മുറിച്ച മുടി പിന്നീട് ഉപയോഗിക്കാനായി അവർ സൂക്ഷിച്ചുവെക്കുന്നു. ഇത്തരത്തിൽ നീണ്ട മുടി വളർത്തുന്ന പാരമ്പര്യം സമൂഹത്തിന് ദീർഘായുസ്സും സമൃദ്ധിയും നൽകുമെന്നാണ് അവർ വിശ്വസിക്കുന്നത്.
നീണ്ട മുടിയുടെ കറുത്ത നിറവും ആരോഗ്യവും നിലനിർത്താൻ ഈ സ്ത്രീകൾ ഒരു പ്രത്യേക ദിനചര്യയാണ് പിന്തുടരുന്നത്. ഇവരുപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകളിൽ നിന്നും നിർമ്മിച്ച ഈ “ഷാംപൂ”വിലെ പ്രധാന ഘടകം പുളിപ്പിച്ച കഞ്ഞിവെള്ളമാണ്.
ആദ്യം കഞ്ഞിവെള്ളം, പച്ചമരുന്നുകൾ, പോമലോ തൊലികൾ, തേയില മട്ട് എന്നിവ ഉപയോഗിച്ച് തിളപ്പിച്ച് ഹെയര്‍ ക്ലെൻസർ തയ്യാറാക്കുന്നു. തുടർന്ന് അവർ ഒരു പരമ്പരാഗത മരം ചീപ്പ് ഉപയോഗിച്ച് മിശ്രിതം തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ പുരട്ടുകയാണ് പതിവ്.
റെഡ് യാവോ സ്ത്രീകൾക്കിടയിലെ, ചില ഹെയർസ്റ്റൈലുകളും അവരുടെ ജീവിതത്തിന്റെ പ്രത്യേക ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. അവിവാഹിതയായ ഒരു സ്ത്രീ സാധാരണയായി തല മറയ്ക്കാൻ കറുത്ത സ്കാർഫ് ധരിക്കുന്നു, കാരണം മുടി കുടുംബാംഗങ്ങൾ മാത്രമേ കാണുകയുള്ളു.
അതേസമയം ഒരു സ്ത്രീയുടെ മുടി തലയിൽ ചുറ്റിയിട്ടുണ്ടെങ്കിൽ, അവൾ വിവാഹിതയാണ്, പക്ഷെ കുട്ടികളില്ല എന്നാണ് അതിനർത്ഥം.
പൊതിഞ്ഞ മുടി, മുടിയിൽ നിന്ന് നിർമ്മിച്ച ഒരു ബൺ എന്നിവ സ്ത്രീ വിവാഹിതയും കുട്ടികളുമുള്ളവളാണെന്ന് സൂചിപ്പിക്കുന്നു.