Oddly News

‘അത് മതിയായി’, സ്വയം വിവാഹം കഴിച്ച യുവതിക്ക് ഇനിയൊരു ആണിനെ വേണം

കഴിഞ്ഞ വര്‍ഷം സ്വയം വിവാഹം കഴിച്ച യുവതി വിവാഹബന്ധം വേര്‍പെടുത്തി പുതിയ പുരുഷനെ തേടുന്നു. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ സുല്ലെന്‍ കാരിയാണ് വിചിത്ര വിവാഹം നടത്തി നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സ്വയം വിവാഹം ചെയ്തതിനെ തുടര്‍ന്നുള്ള പവിത്രമായ ബന്ധം ഒരു വര്‍ഷത്തോളം മാത്രമേ നീണ്ടുനിന്നുള്ളെന്നും അവര്‍ പറഞ്ഞു.

സോളോഗാമിയില്‍ തനിക്ക് ‘തികഞ്ഞവളാകാന്‍’ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏകാംഗ വിവാഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘കപ്പിള്‍ തെറാപ്പ’ക്കു പോലും വിധേയയായതായി അവര്‍ പറയുന്നു. 36കാരി ജനിച്ചത് ബ്രസീലിലാണെങ്കിലും ലണ്ടനിലാണ് താമസിക്കുന്നത്. കപ്പിള്‍ തെറാപ്പിയുടെ 10 സെഷനുകള്‍ എടുത്തെങ്കിലും അത് വിജയിച്ചില്ലെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ദാമ്പത്യത്തില്‍ തനിക്ക് ഏകാന്തത അനുഭവപ്പെട്ടുവെന്ന് ഒടുവില്‍ അവര്‍ സമ്മതിച്ചു. വിവാഹമോചനത്തെക്കുറിച്ചുള്ള പോസ്റ്റിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് അനുസരിച്ച് അവള്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവിനെ തിരയുകയാണ്. ‘എനിക്ക് ഒരു പുതിയ ഭര്‍ത്താവിനെ വേണം.’ അവര്‍ കുറിച്ചു. 2023 സെപ്റ്റംബര്‍ 21-ന് വെള്ള വിവാഹ വസ്ത്രത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് താന്‍ തന്നെത്തന്നെ വിവാഹം കഴിച്ചതായി അവര്‍ അറിയിച്ചത്.

‘‘ഇന്ന് ഞാന്‍ എന്നെത്തന്നെ വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. എന്റെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കാന്‍ ഞാന്‍ പഠിച്ചു.’’ പോസ്റ്റ് ചെയ്ത സോളോഗാമി വിവാഹചിത്രത്തിന് കീഴില്‍ അവര്‍ കുറിച്ചു.

കാരിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 433,000 ഫോളോവേഴ്സ് ഉണ്ട്. കൂടാതെ മരിയ കാരിയുടെ ഡ്യൂപ്പ് എന്ന നിലയിലും പ്രശസ്തി നേടി. 2019 ല്‍ ഒരു ലുക്ക് ലൈക്ക് പാര്‍ട്ടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതോടെയാണ് അവര്‍ ആദ്യമായി രംഗത്ത് വന്നത്. സുല്ലെന്‍ കാരിക്ക് പിന്നീട് അതിലൂടെ ഒരുപാട് പണം സമ്പാദിക്കാനായി. ഇനി അവര്‍ക്ക് വേണ്ടത് ഒരു റീയല്‍ ഭര്‍ത്താവിനെയാണ്.