Oddly News

എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടില്ല ; കാമുകനെതിേര 30,000 ഡോളര്‍ നഷ്ടപരിഹാരത്തിന് യുവതി കോടതിയില്‍

തന്നെ എയര്‍പ്പോര്‍ട്ടിലേക്ക് കൊണ്ടുവിട്ടില്ലെന്ന് കാണിച്ച് കാമുകനെതിരേ യുവതി കോടതിയില്‍. ഒരു ന്യൂസിലന്‍ഡുകാരിയായ യുവതിയാണ് മുന്‍ കാമുകനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയും അത് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ഇവര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടപ്പെടുകയും അത് സാമ്പത്തികനഷ്ടത്തിന് കാരണമായെന്നുമാണ് പരാതി.

30,000 ന്യൂസിലന്റ് ഡോളര്‍ വരെയുള്ള ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂസിലാന്‍ഡിലെ തര്‍ക്ക ട്രിബ്യൂണല്‍ പുറത്തുവിട്ട നിയമ രേഖകള്‍ പ്രകാരം ആറരവര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനോട് താന്‍ നടത്തേണ്ട ഒരു സംഗീത പരിപാടിക്ക് പോകുന്നതിനായി യുവതി തന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടണമെന്നും അവള്‍ പോകുമ്പോള്‍ അവളുടെ വീട്ടില്‍ താമസിക്കുകയും അവളുടെ നായ്ക്കളെ നോക്കാനും പരിപാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും വാക്കാല്‍ സമ്മതിച്ചിരുന്നു.

എന്നാല്‍ കാമുകന്‍ യുവതിയെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുന്നത് ഉള്‍പ്പെടെ സമ്മതിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇത് അവളുടെ വിമാനം നഷ്ടപ്പെടാനും അനാവശ്യ സാമ്പത്തിക ചിലവുകള്‍ വരുത്താനും കാരണമായി. തുടര്‍ന്ന് വാഗ്ദാനലംഘനം അടക്കമുള്ള പല പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി തനിക്ക് നഷ്ടമായ പണം മുന്‍ പങ്കാളിയില്‍ നിന്ന് ഈടാക്കാന്‍ അവള്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കി.

ഫ്‌ളൈറ്റിന്റെ സമയമായ രാവിലെ 10:00 നും 10:15 നും ഇടയില്‍ അവളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്താമെന്നായിരുന്നു വാഗ്ദാനം. പക്ഷേ കാമുകന്‍ വരികയോ അവള്‍ ഫോണ്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കുകയോ ചെയ്തില്ല. അതിനാല്‍ അവള്‍ക്ക് ഫ്‌ളൈറ്റ് നഷ്ടമായി. പകരം മറ്റു സംവിധാനം ഉപയോഗിച്ച് സ്ഥലത്തെത്തിയെങ്കിലും നഷ്ടപരിഹാരത്തിന് കേസുമായി ട്രൈബ്യൂണലിന്റെ മുമ്പാകെ പോകാന്‍ അവള്‍ തീരുമാനിച്ചു. അതേസമയം തന്റെ മുന്‍ കാമുകന്‍ തന്നോട് വാക്കാലുള്ള കരാര്‍ ലംഘിച്ചുവെന്ന അവരുടെ വാദം കോടതി തള്ളി.

രണ്ട് കക്ഷികളും യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കേണ്ട ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതി പരിശോധിച്ചു. പിന്നാലെ കാമുകന് തന്റെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് വിധിച്ചു. സുഹൃത്തുക്കള്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, മറ്റൊരാള്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിച്ചേക്കാം, പക്ഷേ ആ നഷ്ടം അവര്‍ക്ക് നികത്താന്‍ കഴിയില്ല. കക്ഷികള്‍ അവരുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവമെന്നും അതു പാലിക്കണമെന്ന നിര്‍ബ്ബന്ധം പുലര്‍ത്താനാകില്ലെന്നും കോടതിപറഞ്ഞു.