Crime

നടുറോഡില്‍ യുവതി ബലാത്സംഗത്തിനിരയായി; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ ചിത്രീകരിച്ച് നാട്ടുകാര്‍

ഉജ്ജയിനിലെ തിരക്കേറിയ റോഡില്‍ യുവതി ബലാത്സംഗത്തിനിരയായപ്പോള്‍ വഴിയാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ലൈംഗികാതിക്രമത്തിന്റെ വീഡിയോ പിടിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നായ കൊയ്ല ഫടക് ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ലോകേഷ് എന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് തന്നോടൊപ്പം കൊണ്ടുപോകുകയും മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും മദ്യലഹരിയില്‍ റോഡരികിലെ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതി പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. എന്നാല്‍ ഒരു ദൃക്സാക്ഷി സംഭവം ചിത്രീകരിക്കുകയും വീഡിയോ ഓണ്‍ലൈനില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.

പിന്നീട് യുവതിയുടെ മൊഴിയില്‍ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി ഭരണകക്ഷിയായ ബി.ജെ.പി.യെ കുറ്റപ്പെടുത്തി പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ സംഭവം ഒരു രാഷ്ട്രീയ വിവാദത്തിന് തീകൊളുത്തി. മധ്യപ്രദേശ് കോണ്‍ഗ്രസ് എക്സില്‍ ലൈംഗികാതിക്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു, ”പവിത്രമായ നഗരമായ ഉജ്ജയിന്‍ വീണ്ടും നാണംകെട്ടു. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഒന്നുകില്‍ നാണക്കേട് കൊണ്ട് മരിക്കണം അല്ലെങ്കില്‍ രാജിവെക്കണം.” അവര്‍ കുറിച്ചു.