Crime

ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഭാര്യ മുഖത്തടിച്ചു കൊലപ്പെടുത്തി

പൂനെ: ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് മഹാരാഷ്ട്രയിലെ പൂനെയില്‍ 38 കാരനെ ഭാര്യ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാന്‍വാഡി പ്രദേശത്ത് നടന്ന സംഭവത്തില്‍ റിയല് എസ്റ്റേറ്റ് ഡവലപ്പര്‍ നിഖില്‍ ഖന്നയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ 36 കാരിയായ ഭാര്യ രേണുകയുടെ ജന്മദിനം സെപ്റ്റംബര്‍ 18 ന് ആയിരുന്നു. ദുബായില്‍ ഇത് ആഘോഷിക്കാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ ഭര്‍ത്താവ് അവളുടെ ആവശ്യം നിറവേറ്റിയില്ല. നവംബര്‍ 5 ന് ദമ്പതികളുടെ വിവാഹ വാര്‍ഷികവും ആയിരുന്നു. രണ്ട് ആഘോഷങ്ങളിലേക്കും ഭര്‍ത്താവില്‍ നിന്ന് ചില നല്ല സമ്മാനങ്ങള്‍ ഇവര്‍ പ്രതീക്ഷിച്ചിരുന്നു. ഇത് രണ്ടും മറന്ന് ഭര്‍ത്താവാകട്ടെ ബന്ധുവിന്റെ ജന്മദിനത്തിനായി ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതില്‍ യുവതിയും അസ്വസ്ഥയായിരുന്നു.

ഭര്‍ത്താവില്‍ നിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ഇതേച്ചൊല്ലി വെള്ളിയാഴ്ച ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതയായ യുവതി ഭര്‍ത്താവിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും അയാള്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. അ

അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇരയെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുഷ്ടി ഉപയോഗിച്ചാണോ മറ്റെന്തെങ്കിലും വസ്തു ഉപയോഗിച്ചാണോ യുവതി ഭര്‍ത്താവിനെ മര്‍ദ്ദിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിക്കെതിരേ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.