Oddly News

പ്ലീസ് ഒന്നൊഴിഞ്ഞ് തരുമോ? കാമുകന്റെ ഭാര്യയ്ക്ക് ഒന്നരക്കോടി നല്‍കി യുവതി; ഒടുവില്‍ വന്‍ട്വിസ്റ്റ്|

വിവാഹിതനായ സഹപ്രവര്‍ത്തകനുമായി കടുത്തപ്രണയം, അത് അസ്ഥിയില്‍ പിടിച്ചപ്പോള്‍ ബന്ധം ഒഴിയുന്നതിനായി കാമുകന്റെ ഭാര്യയ്ക്ക് ‘ഡിവോഴ്സ് ഫീസ്’ നല്‍കി കാമുകി. ചൈനയിലാണ് പിന്നീട് വന്‍ ട്വിസ്റ്റിലേയ്ക്ക് തിരിഞ്ഞ സംഭവം. ഒരു മില്യണിലേറെ യുവാന്‍ (ഏകദേശം 1.4 കോടി രൂപ)യാണ് ഷി എന്ന യുവതി കാമുകന്റെ ഭാര്യയ്ക്ക് ന്ഷ്ടപരിഹാരമായി നല്‍കിയത്.

കിട്ടിയ പണം സന്തോഷത്തോടെ ഭാര്യ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയം ആയപ്പോള്‍ ഒഴിഞ്ഞുപോകാമെന്ന വാഗ്ദാനത്തില്‍ നിന്നും ഭാര്യ നൈസായി പിന്‍മാറി. ഇതോടെ വെട്ടിലായ കാമുകി പണം തിരികെ കിട്ടാന്‍ കോടതി കയറിയിറങ്ങുകയാണ് ഇപ്പോള്‍. കോടതിയാവട്ടെ ഷിയുടെ പരാതി നിഷ്കരുണം തള്ളുകയും ചെയ്തു.

2013-ലാണ് ഹാന്‍ എന്ന ചൈനീസ് യുവാവ് യാങ് എന്ന യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ജനിച്ചു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ സഹപ്രവര്‍ത്തകയായ ഷിയുമായി ഹാന്‍ പ്രണയ ബന്ധത്തിലായി. ബന്ധത്തിന്റെ തീവ്രത കൂടിവന്നപ്പോള്‍ 2022ല്‍ ഒരു മകനും ജനിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പുതിയ ബിസിനസും തുടങ്ങി.

മകന്റെ ജനനശേഷം ഒരു കുടുംബമായി ജീവിക്കാന്‍ തുടങ്ങിയതോടെ ഷിയ്ക്ക് ബന്ധ നിയമപരമാക്കണമെന്ന് തോന്നി. ഹാനിന്റെ നിയമപരമായ ഭാര്യയെ ഷി നേരില്‍ പോയി കണ്ട് ആവശ്യം പറഞ്ഞു. നഷ്ടപരിഹാരമായി രണ്ട് ദശലക്ഷം യുവാന്‍(2.4 കോടി രൂപ) താന്‍ നല്‍കാമെന്നും ഹാനുമായുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തി തരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഷിയുടെ നിബന്ധന അംഗീകരിച്ച യാങ് അഡ്വാന്‍സായി 1.4 കോടി രൂപ വാങ്ങി. 2022ലായിരുന്നു ഇത്. എന്നാല്‍ വാഗ്ദാനപ്രകാരം വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതുമില്ല. ഒരു വര്‍ഷത്തോളം ഷി , ഈ ആവശ്യമുന്നയിച്ച് യാങിന് പിന്നാലെ നടന്നെങ്കിലും യാങ് പണം തിരികെ നല്‍കാനോ, വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാനോ തയ്യാറായില്ല. ഇതോടെയാണ് ഷി കോടതിയെ സമീപിച്ചത്.

താനും യാങും തമ്മില്‍ വാക്കാലുള്ള ഉടമ്പടിയുണ്ടായിരുന്നുവെന്നും കരാര്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് യാങ് പലിശ സഹിതം പണം തിരികെ നല്‍കണമെന്നുമായിരുന്നു ഷിയുടെ വാദം. കോടതി ഷിയുടെ വാദം മുഖവിലയ്ക്കെടുക്കാതെ കേസ് തള്ളി. ഇതോടെ ഹാനുമായുളള ബന്ധം പിരിയാനും ഷി തീരുമാനിച്ചു.