Oddly News

റോഡില്‍ വമ്പന്‍ ട്രാഫിക് ബ്ലോക്ക് ; ഊബറിന് പകരം ഹെലികോപ്ടര്‍ തിരഞ്ഞെടുത്ത് യുവതി

സമയത്ത് എവിടെയങ്കിലും എത്തണമെന്ന് വിചാരിയ്ക്കുമ്പോഴൊക്കെ നമ്മള്‍ക്ക് പ്രശ്‌നമായി തീരുന്ന ഒന്നാണ് റോഡുകളിലെ ട്രാഫിക് ബ്ലോക്ക്. യാത്രയ്ക്കിടയിലെ ട്രാഫിക് ബ്ലോക്കിനെ മറികടക്കാന്‍ ഊബറിന് പകരം ഹെലികോപ്ടര്‍ തിരഞ്ഞെടുത്ത സംഭവമാണ് കൗതുകകരമാകുന്നത്. ഇന്തോ-അമേരിക്കന്‍ വംശജയായ ഖുശി ശ്രുതിയുടെ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഊബറും ഫ്‌ലൈ ബ്ലേയ്ഡ് ഹെലികോപ്റ്ററിന്റെ നിരക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ശ്രുതി തന്റെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ബ്ലെയ്ഡ് ഊബറിന് സമാനമായി പ്രവര്‍ത്തിക്കുന്ന യാത്രാ ഹെലികോപ്റ്ററുകളാണ്. ഫ്‌ലൈ ബ്ലെയ്ഡിന്റെ ഔദ്യോഗിക ആപ്പ് വഴി യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടാതെ യാത്രക്കാര്‍ക്കായി വിവിധ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലേക്കായിരുന്നു ശ്രുതിയ്ക്ക് പോകേണ്ടിയിരുന്നത്. ആ സമയം റോഡില്‍ വലിയ തിരക്കായിരിക്കുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് യാത്രാ ഹെലികോപ്റ്ററായ ബ്ലെയ്ഡ് തിരഞ്ഞെടുക്കാന്‍ ശ്രുതി തീരുമാനിക്കുകയായിരുന്നു.

മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഊബര്‍ നിരക്ക് 11,000 രൂപയാണ്. ഹെലികോപ്റ്ററില്‍ 13,765 രൂപയാണെന്നും കൂടാതെ ഊബറില്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരുമ്പോള്‍ ഹെലികോപ്റ്റര്‍ അഞ്ച് മിനുട്ട് കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചതായും ശ്രുതി പറയുന്നു. ആദ്യമായി ഫ്‌ലൈ ബ്ലേയ്ഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കില്‍ 50 ശതമാനം ഓഫര്‍ നേടാന്‍ കഴിയുന്ന കോഡ് ശ്രുതി തന്നെ അക്കൗണ്ടില്‍ പങ്ക് വച്ചിട്ടുണ്ട്.