ഔറൈയ: ഉത്തർപ്രദേശിലെ ഔറൈയയിൽ സിനിമാക്കഥയെ വെല്ലുന്ന വിചിത്രമായൊരു ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്തു. താൻ നാഗകന്യകയായി മാറിയെന്ന് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച ശേഷം ഇരുപത്തഞ്ചുകാരി കാമുകനൊപ്പം നാടുവിട്ടു. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മെനഞ്ഞ ബുദ്ധിപരമായ തന്ത്രങ്ങൾ പുറത്തായത്.
രാവിലെ മകളെ തിരഞ്ഞ് മുറിയിലെത്തിയ അമ്മ കണ്ടത് കട്ടിലിൽ മകളുടെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞ നിലയിലുള്ള പാമ്പിൻ പടമായിരുന്നു. പടത്തോടൊപ്പം ആഭരണങ്ങൾ കൂടി കണ്ടതോടെ മകൾ പാമ്പായി മാറിയെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചു. ഈ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ പെൺകുട്ടി ‘നാഗകന്യക’യായി മാറിയെന്ന ചർച്ചയിലായി നാട്ടുകാർ.
സംഭവം പോലീസിൽ അറിയിച്ചതോടെയാണ് കളളക്കളി വെളിച്ചത്തായത്. അഞ്ചടിയോളം നീളമുള്ള പാമ്പിൻ പടം എവിടെനിന്നെന്ന പോലീസിന്റെ ചോദ്യത്തിന് അയൽവാസികളുടെ മൊഴിയാണ് വഴിത്തിരിവായത്. കുറച്ചു ദിവസങ്ങളായി പെൺകുട്ടി വീടിനടുത്തുള്ള പറമ്പുകളിൽ എന്തോ തിരഞ്ഞു നടന്നിരുന്നതായി അയൽവാസികൾ മൊഴി നൽകി. പ്രണയബന്ധത്തെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതോടെയാണ് കാമുകനൊപ്പം പോകാൻ യുവതി ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തത്.
അയൽഗ്രാമത്തിലുള്ള യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പോലീസ് കണ്ടെത്തി. നിലവിൽ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.




