Lifestyle

ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; പരിപാലിക്കാന്‍ രണ്ടു മണിക്കൂര്‍; ഇന്ത്യക്കാരിക്ക് ഗിന്നസ് റെക്കോഡ്

നീളമുള്ള മുടി സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് പരമ്പരാഗതമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കൗമാരകാലം മുതലുള്ള മുടിവളര്‍ത്തല്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ സ്മിത ശ്രീവാസ്തവയ്ക്ക് സൗന്ദര്യത്തിനൊപ്പം ഗിന്നസ് റെക്കോഡ് കൂടിയാണ് 46 കാരിക്ക് നേടിക്കൊടുത്തത്.

ലോകത്തെ ഏറ്റവും നീളമേറിയ മുടിയുളള വനിതയാണ് സ്മിത. ഇവരുടെ മുടിയുടെ നീളം 7 അടി 9 ഇഞ്ചാണ്. 14 വയസ്സുള്ളപ്പോള്‍ മുതല്‍ സ്മിത മുടി വളര്‍ത്താന്‍ തുടങ്ങിയതാണ്. നീണ്ട മുടിയെ ദേവതകളുമായി ബന്ധപ്പെടുത്തുകയും സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സാംസ്‌കാരിക വിശ്വാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത മുടിവളര്‍ത്തല്‍ ആരംഭിച്ചത്.

മുടി മുറിക്കുന്നത് അശുഭകരമാണെന്ന പരമ്പരാഗത വിശ്വാസവും മുടി നിലനിര്‍ത്താന്‍ അവര്‍ക്ക് പ്രചോദനമായി. സ്മിത മുടി പരിപാലിക്കുന്നതും കഠിനാദ്ധ്വാനം ചെയ്താണ്. മൂന്ന് മണിക്കുറോളം ആഴ്ചയില്‍ രണ്ടുതവണ, സ്മിത മുടി കഴുകാനും ഉണക്കാനും സ്‌റ്റൈല്‍ ചെയ്യാനും ഉപയോഗിക്കുന്നു. മുടി കഴുകി ഉണക്കിയെടുക്കാന്‍ രണ്ടുമണിക്കൂര്‍ വേണം. കഴുകാന്‍ മാത്രം 45 മിനിറ്റ് എടുക്കും.

മുടി ജഡ ഇല്ലാതെ സൂക്ഷിക്കാന്‍ പൂര്‍ണ്ണമായും ഉണക്കിയ ശേഷം, കെട്ടി വെക്കുന്നതിന് മുമ്പ് നന്നായി ചീകുന്നു. ഈ സൂക്ഷ്മമായ പരിചരണ ദിനചര്യ അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പദവി നേടിയ സ്മിതയെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. അംഗീകാരത്തിന് സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്ന അവര്‍ തന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്ന മുടിയെ കഴിയുന്നിടത്തോളം കാലം പരിപാലിക്കാനാണ് ഉദ്ദേശിക്കുന്നത്.