മിസോറി: കൊലപാതകക്കുറ്റത്തിന് 43 വർഷത്തെ ജീവപര്യന്തം തടവ് അനുഭവിച്ചശേഷം ശിക്ഷ റദ്ദാക്കി കോടതി. യുഎസിൽ ഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കിയ ഹെമ്മെ എന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കുറ്റം റദ്ദാക്കി മോചിപ്പിച്ചത്.
1980-ൽ മിസോറിയിൽ ലൈബ്രറി വർക്കറായിരുന്ന പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ചില്ലിക്കോത്ത് കറക്ഷണൽ സെന്ററിൽ ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിച്ചത്.
ഹെമ്മെയുടെ നിരപരാധിത്വത്തിന്റെ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഹെമ്മെയുടെ അഭിഭാഷകർ സ്ഥാപിച്ചിട്ടുണ്ടെന്ന് ജൂൺ 14-ന് ജഡ്ജി ആദ്യം വിധിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ കോടതിയിൽ അവരുടെ മോചനത്തിനെതിരെ വാദിച്ചു.
കേസ് പുനഃപരിശോധിക്കുന്നത് തുടരുന്നതിനിടയിൽ ഹെമ്മെയെ വെറുതെ വിടണമെന്ന് സംസ്ഥാന അപ്പീൽ കോടതിയും ജൂലൈ 8 ന് വിധിച്ചു. അടുത്ത ദിവസം ഹോർസ്മാൻ ഹെമ്മെ അവരുടെ സഹോദരിയോടൊപ്പം വീട്ടിലേക്ക് പോകാൻ വിടണമെന്ന് വിധിച്ചു. എന്നാല്‍ കീഴ്‌ക്കോടതി വിധികൾ റദ്ദാക്കാൻ മിസോറി സുപ്രീം കോടതി വിസമ്മതിച്ചു, പിന്നീട് ഹെമ്മെയെ മോചിപ്പിക്കാനും സഹോദരിയുടെ കൂടെ പാർപ്പിക്കാനും അനുവദിക്കുകയായിരുന്നു
മോചിതയായതിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഹെമ്മെ വിസമ്മതിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലുള്ള പിതാവിന്റെ അരികിലേക്കാണ് താൻ പോകുന്നതെന്ന് അവർ പറഞ്ഞു