Oddly News

DNAടെസ്റ്റില്‍ മകന്‍ തന്റേതല്ലെന്നറിഞ്ഞ യുവതി വിവാഹമോചനത്തിന്, ഒടുവില്‍ സത്യം തുറന്നുപറഞ്ഞ് ഭര്‍ത്താവ്

തന്റേതാണെന്ന് കരുതിയ കുട്ടി മറ്റൊരാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയ കഥകള്‍ അനേകമുണ്ട്. രണ്ടു വ്യത്യസ്ത പിതാക്കന്മാരുള്ള ഇരട്ടകള്‍ക്ക് കാരണമാകുന്ന ‘ഹെറ്ററോപാറ്റേണല്‍ സൂപ്പര്‍ഫെക്യുണ്ടേഷന്‍’ എന്നറിയപ്പെടുന്ന മെഡിക്കല്‍ അവസ്ഥയും അപൂര്‍വ്വമായി കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ രണ്ട് വയസ്സുള്ള മകന്‍ യഥാര്‍ത്ഥത്തില്‍ തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെ വഞ്ചിച്ച ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടാനൊരുങ്ങുന്നു എന്ന വാര്‍ത്ത വൈറലാകുന്നു.

റെഡ്ഡിറ്റില്‍ ‘ത്രോ ആര്‍എ 3എക്‌സ് ബിട്രേയല്‍’ എന്ന അക്കൗണ്ട് കുറിച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഭര്‍ത്താവ് അവരുടെ മകന്റെ പിതാവാണെങ്കിലും താന്‍ ജൈവിക മാതാവല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് യുവതി ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചത്.

സംഭവം ഇങ്ങനെ: ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഒരു കുഞ്ഞിനെ 10മാസം ഗര്‍ഭത്തില്‍ വഹിക്കുവാന്‍ കഴിയില്ലെന്ന് ആറ് വര്‍ഷം മുമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും സറോഗേറ്റുകളെ (വാടകഗര്‍ഭധാരണത്തിന് തയാറള്ളവര്‍) തിരയാന്‍ തുടങ്ങി. അതിനായി ഒരേസമയം അനേകം ജോലികള്‍ ചെയ്ത് പണവും കണ്ടെത്തി.

അപ്പോഴാണ് കോളേജില്‍ ഒപ്പം പഠിച്ച അവരുടെ പഴയ സുഹൃത്ത് കുട്ടിയെ അവര്‍ക്കായി ഗര്‍ഭപാത്രത്തില്‍ വഹിക്കാന്‍ വാഗ്ദാനവുമായി മൂമ്പോട്ടുവന്നത്. ‘സ്വന്തമായി 2 കുട്ടികളുള്ള കോളേജ് മുതലുള്ള എന്റെ അടുത്ത സുഹൃത്ത്, ഞങ്ങള്‍ക്കുവേണ്ടി വാടകഗര്‍ഭധാരണത്തിനായി തയാറായി. നിരാശാജനകമായ രണ്ട് ഐവിഎഫ് സെഷനുകള്‍ക്ക് ശേഷം, മൂന്നാം ശ്രമത്തില്‍ അവള്‍ ഗര്‍ഭിണിയായി. ഞങ്ങള്‍ക്കായി ഒരു ആണ്‍കുട്ടിയെ തന്നു.” യുവതി റെഡ്ഡിറ്റില്‍കുറിച്ചു.

പിന്നീട് മകന്റെ കണ്ണുകളുടെ നിറമാണ് അവളില്‍ സംശയം ജനിപ്പിച്ചത്. ഭര്‍ത്താവിനും തനിക്കും നീലക്കണ്ണുകളുള്ളപ്പോള്‍ കുട്ടിക്ക് തവിട്ട് നിറമുള്ള കണ്ണായിരുന്നു. ഒരിക്കല്‍ കുട്ടിയുടെ രക്തപരിശോധന നടത്തിയപ്പോള്‍ മകന്റെ രക്തഗ്രൂപ്പ് ബി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവും യുവതിയുടേത് എ പോസിറ്റീവും ആയിരുന്നു. ഡോക്ടര്‍ പറഞ്ഞു, മകന് ആ രക്തഗ്രൂപ്പ് ഉണ്ടാകുന്നത് ‘ജൈവശാസ്ത്രപരമായി അസാധ്യമാണ്’ . തുടര്‍ന്ന് ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് വഞ്ചിച്ചോ എന്നറിയാന്‍ അവള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി.

ടെസ്റ്റില്‍ ജീവശാസ്ത്ര പരമായി കുഞ്ഞിന്റെ പിതാവ് തന്റെ ഭര്‍ത്താവ് തന്നെയാണെന്നും എന്നാല്‍ യുവതി ബയോളജിക്കല്‍ മാതാവല്ലെന്നും ഫലങ്ങള്‍ കാണിച്ചു. പിന്നീടാണ് ഭര്‍ത്താവ് ആ സത്യം തുറന്നു പറയുന്നത്. വാടക ഗര്‍ഭിണിയുമായി ചിലപ്പോള്‍ താന്‍ ഒരുമിച്ചുറങ്ങാറുണ്ടായിരുന്നുവത്രേ. ഇതോടെ യുവതി തകര്‍ന്നുപോയി. ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനും കുട്ടിയുടെ മാതാവെന്ന നിലയിലുള്ള അവകാശങ്ങള്‍ ഉപേക്ഷിക്കാനും അവര്‍ തീരുമാനിച്ചു. റെഡ്ഡിറ്റില്‍ അവളുടെ തീരുമാനത്തെ അതിശക്തമായി പിന്തുണയ്ക്കുന്നവര്‍ ഏറെയാണ്.