Oddly News

ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഹണിമൂണ്‍ ആഘോഷിയ്ക്കാന്‍ ഗോവയ്ക്ക് കൊണ്ടു പോകാന്‍ വിസമ്മതിച്ച ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് അയോധ്യയിലും വാരണാസിയിലുമാണ് കൊണ്ട് പോയതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. ഭോപ്പാല്‍ സ്വദേശിനിയായ യുവതിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്.

മാതാപിതാക്കളെ നോക്കണമെന്ന ആവശ്യം പറഞ്ഞു കൊണ്ട് ഹണിമൂണിന് വിദേശത്തേക്ക് വരാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും തുടര്‍ന്ന് ഗോവയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാന്‍ യുവതി സമ്മതിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പക്ഷെ യുവതിയെ അറിയിക്കാതെ ഭര്‍ത്താവ് അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.

യാത്രയ്ക്ക് ഒരു ദിവസം മാത്രമുള്ളപ്പോള്‍ ജനുവരി 22ന് നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അയോധ്യ സന്ദര്‍ശിക്കാന്‍ തന്റെ അമ്മക്ക് ആഗ്രഹമുണ്ടെന്ന് ഭര്‍ത്താവ് യുവതിയോട് പറഞ്ഞു. യുവതി അതിന് തടസം പറഞ്ഞില്ല. യാത്ര കഴിഞ്ഞു തിരികെ എത്തി പത്ത് ദിവസങ്ങള്‍ക്ക് ശേഷം യുവതി കുടുംബ കോടതിയിലെത്തി.

തന്റെ ഭര്‍ത്താവ് ഒരു ഐടി കമ്പനിയിലെ നല്ല ശമ്പളമുള്ള ഉദ്യോഗസ്ഥന്‍ ആണെന്നും താനും ആവശ്യത്തിന് പണം സമ്പാദിക്കുന്നുണ്ടെന്നും യുവതി വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവ് തന്നേക്കാളും ശ്രദ്ധയോടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ ചെയ്യുന്നതെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. ദമ്പതികള്‍ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണെന്ന് അഭിഭാഷകനായ ഷയില്‍ അവസ്തി പറഞ്ഞു.