Crime

20 കാരിയെ സ്‌കൂട്ടിയില്‍ നിന്നും വലിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്ത ; പോലീസ് എന്‍കൗണ്ടറില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു

കൂട്ടുകാരിയുമായി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടയില്‍ ഗാസിയാബാദില്‍ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചംഗ സംഘത്തില്‍ പെട്ട രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സ്ത്രീയും സുഹൃത്തും ചേര്‍ന്ന് സ്‌കൂട്ടി ഓടിക്കുന്നതിനിടെ അക്രമികള്‍ തടയുകയും സ്‌കൂട്ടിയില്‍ നിന്നും വലിച്ചിറക്കി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

നവംബര്‍ 30 നായിരുന്നു സംഭവം. ഇരയായ പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം ഒറ്റപ്പെട്ട സ്ഥലത്ത് സ്‌കൂട്ടി ഓടിക്കാന്‍ പഠിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിയായ ജുനൈദ് തന്റെ സുഹൃത്തും മറ്റൊരു പ്രതിയുമായ ഇമ്രാനെയും അവന്റെ രണ്ട് കൂട്ടാളികളെയും വിളിച്ച് ഇവിടേക്ക് വരികയായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതി ഇരയുടെ സുഹൃത്തിനെയും വലിച്ചിഴച്ച് കൃത്യം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഒരു വാഹനം പ്രദേശത്തുകൂടി കടന്നുപോയതിനാല്‍ അവള്‍ രക്ഷപ്പെട്ടു. അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച പോലീസ് ജുനൈദിനെ കണ്ടെത്തി. പോലീസിനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളുടെ ഇരു കാലുകളിലും വെടിവെച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് അയച്ചു.

ജുനൈദിനെ പോലീസ് ആശുപത്രിയില്‍ ചോദ്യം ചെയ്തു, തുടര്‍ന്ന് ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പിന്നീട് ഇമ്രാനും മൂന്ന് കൂട്ടാളികളും സമീപത്ത് കണ്ടതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് ഇവരെ കണ്ടെത്തിയപ്പോള്‍ കീഴടങ്ങാന്‍ അവരോട് ആവശ്യപ്പെട്ടു. പകരം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനിടെ ഇമ്രാന്റെ കാലിന് വെടിയേറ്റു.

ഏറ്റുമുട്ടലിന് ശേഷം ഇമ്രാനെയും മൂന്ന് സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളുടെ ക്രിമിനല്‍ ചരിത്രം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.