Crime

വഞ്ചിച്ച കാമുകന്റെ ലൈംഗികാവയവം പ്രതിശ്രുത വധുവിന്റെ മുമ്പില്‍ ഛേദിച്ച് യുവതി

മുസഫര്‍നഗര്‍: വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതില്‍ പ്രകോപിതയായി കാമുകന്റെ ലൈംഗികാവയവം ഛേദിച്ച് യുവതി. അതീവഗുരുതരനിലയില്‍ യുവാവ് ആശുപത്രിയില്‍.

ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 22 നാണു സംഭവം. എട്ടുവര്‍ഷത്തോളമായി പ്രണയബദ്ധരായിരുന്നു ചാര്‍ഥവാള്‍ ഗ്രാമവാസികളായ യുവാവും യുവതിയും. ഇൗ ബന്ധത്തെ എതിര്‍ത്ത യുവാവിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചു. യുവാവും ഇതിനോടു യോജിച്ചതോടെ കാമുകിക്ക് വൈരാഗ്യമായി.

കാമുകിയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയില്‍ അവസാനിപ്പിച്ചശേഷം കുടുംബം നിശ്ചയിച്ച വിവാഹം നടത്താനായിരുന്നു യുവാവിനു താല്‍പര്യം. മുസഫര്‍നഗറിലെ ഹോട്ടല്‍ മുറി ചര്‍ച്ചയ്ക്കു വേദിയായി നിശ്ചയിക്കുകയും ചെയ്തു. പ്രതിശ്രുത വധുവുമൊത്താണ് കാമുകിയുമായുള്ള സന്ധിസംഭാഷണത്തിന് യുവാവ് എത്തിയത്. തുടക്കത്തില്‍ സൗഹാര്‍ദപരമായിരുന്നെങ്കിലും കളംമാറാന്‍ അധികസമയം വേണ്ടിവന്നില്ല.

ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റമായി. തര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കാമുകന്റെ ലൈംഗികാവയവം യുവതി ഛേദിച്ചു. ഒപ്പമുണ്ടായിരുന്ന പ്രതിശ്രുതവധു അലമുറയിട്ടതോടെ ഹോട്ടല്‍ ജീവനക്കാരെത്തി വിവരം പോലീസില്‍ അറിയിച്ചു. അവരെത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കാമുകിക്കെതിരേ പോലീസ് കേസെടുത്തു.