Oddly News

ഭിക്ഷക്കാരിയുടെ ചാക്ക് മാലിന്യത്തിലെറിഞ്ഞു; നോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍, എണ്ണാൻ എടുത്തത് 4 മണിക്കൂർ

വര്‍ഷങ്ങളായി ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ നല്‍കിയ ചാക്കിലെ നോട്ടുകെട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്ന് ലക്ഷം രൂപ. ബിഹാറിലെ ജനക്പൂരിലെ രാമക്ഷേത്രത്തിന് പുറത്തായിരുന്നു തിങ്കളാഴ്ച അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ സംഭവം.

വര്‍ഷങ്ങളായി, ഈ വൃദ്ധ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭിക്ഷ യാചിച്ചായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. ആരോഗ്യം പെട്ടെന്ന് വഷളാകുകയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭീതിയുണ്ടായ അവര്‍ അവസാന നിമിഷം തന്റെ കൈയ്യില്‍ കരുതിയിരുന്ന ചാക്ക് സമീപത്തുള്ള മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. ചാക്ക് അവര്‍ അടുത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു.

അപ്പോഴാണ് സമീപത്ത് വളകള്‍ വില്‍ക്കുന്ന ഒരു സ്ത്രീ സ്ഥിതിഗതികള്‍ ശ്രദ്ധിക്കുകയും ക്ഷേത്രത്തില്‍ ധ്യാനിക്കുകയായിരുന്ന സന്യാസിയെ വിവരം അറിയിക്കുകയും ചെയ്തത്. സംഭവസ്ഥലത്ത് എത്തിയ ഇയാള്‍ വിവരം പറഞ്ഞയാളുടെ സഹായത്തോടെ, മാലിന്യത്തില്‍ നിന്ന് ചാക്ക് വീണ്ടെടുത്തു. അവിടെ വെച്ചുതന്നെ തുറന്നു നോക്കി. അവര്‍ കണ്ടെത്തിയ കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു.

അതിനുള്ളില്‍ നോട്ടുകെട്ടുകളായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് യാത്ര ചെയ്ത അയാള്‍ പണം എണ്ണാന്‍ സഹായിക്കുന്നതിനായി നിരവധി സന്യാസിമാരുമായി ബന്ധപ്പെട്ടു. അവരുടെയെല്ലാം സഹായത്തോടെ നാലോ അഞ്ചോ മണിക്കൂറു കൊണ്ടാണ് എണ്ണല്‍ പൂര്‍ത്തിയാക്കിയത്. ചാക്കില്‍ ഏകദേശം മൂന്ന് ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തി.

പണം വൃദ്ധയായ സ്ത്രീയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സന്യാസി. എന്തെങ്കിലും ഫണ്ട് അവശേഷിക്കുന്നുണ്ടെങ്കില്‍, അവ ക്ഷേത്രത്തിന്റെ തലവനായ മഹന്ത് രാം ഗിരി ജിയുടെ കയ്യില്‍ കൊടുക്കും. സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കില്‍ അവര്‍ മരണപ്പെട്ടതിന് ശേഷം പണം ഉപയോഗിച്ച് ഒരു വിരുന്ന് സംഘടിപ്പിക്കാനാണ് തീരുമാനം.