ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും അപകടകരവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസി ഗോത്രത്തിൽ അനധികൃത സന്ദർശനം നടത്തിയ അമേരിക്കൻ വിനോദ സഞ്ചാരി അറസ്റ്റിൽ. 24 കാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോ എന്ന യുവാവിനെയാണ് മാർച്ച് 31 ന് സിഐഡി അറസ്റ്റ് ചെയ്തത്.
ആദിവാസികൾക്കായി ഒരു കാൻ കോളയും തേങ്ങയും ഇയാൾ ദ്വീപിൽ കൊണ്ടുചെന്നെങ്കിലും ഗോത്രവർഗം അത് പൂർണമായും തിരസ്കരിക്കുകയായിരുന്നു. ഏകദേശം 30 വർഷമായി പുറംലോകവുമായി ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവർഗ സമൂഹമാണിത്. അനുമതിയുമില്ലാതെയാണ് ഇയാൾ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. നവീന ശിലായുഗത്തിനു മുമ്പുള്ള ലോകത്തിലെ അവസാനത്തെ ഗോത്രമായി കണക്കാക്കപെടുന്നവരാണ് സെന്റിനൽ.
ഈ ദ്വീപുകൾ അവസാനമായി സന്ദർശിച്ചത് അമേരിക്കൻ മിഷനറി ജോൺ അലൻ ചൗ ആയിരുന്നു. 2018ൽ തന്റെ സന്ദർശനത്തിനിടെ അലൻ സെന്റിനലീസുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഗോത്രക്കാർ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്നും ദ്വീപിൽ അടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
നോർത്ത് സെന്റിനൽ ദ്വീപിൽ പോളിയാക്കോവിന്റെ ഗോപ്രോ ക്യാമറയിൽ ദൃശ്യങ്ങൾ കണ്ടതിനെത്തുടർന്നാണ് പോലീസ് ഇദ്ദേഹം അവിടെ എത്തിയതായി സ്ഥിരീകരിച്ചത്. അതേസമയം മാർച്ച് 26 ന് പോർട്ട് ബ്ലെയറിൽ എത്തിയ പോളിയാക്കോവ്, കുർമ ദേര ബീച്ചിൽ നിന്ന് നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോയതായി പോലീസ് പറഞ്ഞു. മാർച്ച് 29 ന് പുലർച്ചെ 1 മണിയോടെ കുർമ ദേര ബീച്ചിൽ നിന്ന് ഒരു തേങ്ങയും കോളയും സെന്റിനലിസ് നിവാസികള്‍ക്ക് കൊടുക്കാനായി കരുതിയാണ് ഇയാൾ ഒരു ബോട്ടിൽ കയറി അവിടേക്ക് പോയത്.
രാവിലെ 10 മണിയോടെ നോർത്ത് സെന്റിനൽ ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്ത് എത്തിയ പോളിയാക്കോവ് ബൈനോക്കുലർ ഉപയോഗിച്ച് പ്രദേശം പരിശോധിച്ചെങ്കിലും ആരെയും കണ്ടിരുന്നില്ല. തുടർന്ന് ഗോത്രവർഗക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ ഒരു വിസിൽ മുഴക്കി ഒരു മണിക്കൂറോളം അദ്ദേഹം കടൽത്തീരത്ത് കാത്തുനിന്നെങ്കിലും, പ്രതികരണമൊന്നും ലഭിച്ചില്ല.
അഞ്ച് മിനിറ്റോളം ഇയാൾ ബീച്ചിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. “അദ്ദേഹം അഞ്ച് മിനിറ്റോളം അവിടെ ഉണ്ടായിരുന്നു. ഒടുവിൽ കൊണ്ടുവന്ന തേങ്ങയും കോളയും കരയിൽ ഉപേക്ഷിച്ച് മണൽ സാമ്പിളുകൾ ശേഖരിച്ച് തന്റെ ബോട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു വീഡിയോയും റെക്കോർഡുചെയ്‌തെന്ന് ” പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 1 മണിയോടെ മടക്കയാത്ര ആരംഭിച്ച അദ്ദേഹം രാത്രി 7 മണിയോടെ കുർമ ദേര ബീച്ചിൽ എത്തിയപ്പോൾ പ്രാദേശിക മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തെ കണ്ടു.
ഡിജിപി എച്ച്എസ് ധലിവാൾ പിടിഐയോട് പറഞ്ഞു, “അദ്ദേഹത്തെക്കുറിച്ചും റിസർവ്ഡ് ട്രൈബൽ ഏരിയ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഞങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചുവരുകയാണ്. ഞങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ താമസിച്ച സമയത്ത് അദ്ദേഹം മറ്റെവിടെയാണ് സന്ദർശിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്. പോർട്ട് ബ്ലെയറിൽ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരെ ഞങ്ങൾ ചോദ്യം ചെയ്യുകയാണ്”. “ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത വസ്‌തുക്കളിൽ ഒരു ബോട്ടും ഒരു ഔട്ട്‌ബോർഡ് മോട്ടോറും അല്ലെങ്കിൽ ഒരു പ്രാദേശിക വർക്ക്‌ഷോപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്ത ഒബിഎമ്മും ഉൾപ്പെടുന്നുണ്ട്” അദ്ദേഹം പറഞ്ഞു.
കടൽസാഹചര്യങ്ങൾ, വേലിയേറ്റങ്ങൾ, കുർമ ദേര ബീച്ചിൽ നിന്നുള്ള പ്രവേശനക്ഷമത എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം തന്റെ യാത്ര കൃത്യമായി ആസൂത്രണം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. യാത്രയിലുടനീളം അദ്ദേഹം ജിപിഎസ് നാവിഗേഷൻ ഉപയോഗിച്ചിരുന്നതായും അവർ പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്യലിനായി കോടതിയുടെ നിർദ്ദേശപ്രകാരം ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമല്ല ഇതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇയാൾ പോർട്ട് ബ്ലെയർ സന്ദർശിക്കുകയും, ഊതിവീർപ്പിക്കാവുന്ന കയാക്ക് ഉപയോഗിച്ച് നോർത്ത് സെന്റിനൽ ദ്വീപിൽ നിരീക്ഷണം നടത്താൻ ശ്രമിച്ചതായും അധികൃതർ കണ്ടെത്തി.
എന്നാൽ ഹോട്ടൽ ജീവനക്കാർ ഇയാളെ തടയുകയായിരുന്നു. തുടർന്നാണ് ഈ വർഷം ജനുവരിയിൽ അദ്ദേഹം ദ്വീപുകളിലെത്തി തൻ്റെ ബോട്ടിനായി ഒരു മോട്ടോർ വാങ്ങാൻ ശ്രമിച്ചത്. ആ സന്ദർശന വേളയിൽ അദ്ദേഹം ബരാതാങ് ദ്വീപുകളിലേക്ക് പോയതായും ജരാവ ഗോത്രവർഗക്കാരുടെ വീഡിയോ നിയമവിരുദ്ധമായി പകർത്തിയെന്നും പോലീസ് പറഞ്ഞു.
തിരൂരിലെ ട്രൈബൽ വെൽഫെയർ ഓഫീസർ പ്രണാബ് സിർകാർ ഒഗ്രാബ്രജ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2012 ലെ ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ (ആദിമ ഗോത്രങ്ങളുടെ സംരക്ഷണം) ഭേദഗതി ചട്ടം, 2012 ലെ വകുപ്പുകൾക്കൊപ്പം ഫോറിനേഴ്‌സ് ആക്‌ട്, 1946 പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.