Movie News

ഇന്ത്യന്‍ 2 വിന് ലഭിച്ചത് ദയനീയമായ പരാജയം ; ഇന്ത്യന്‍ ത്രീ ഒടിടിയില്‍ റിലീസ്?

അടുത്തിടെ പുറത്തിറങ്ങിയ ‘ഇന്ത്യന്‍ 2: സീറോ ടോളറന്‍സ്’ എന്ന ചിത്രത്തിനായി വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും സംവിധായകന്‍ ശങ്കറും കൈകോര്‍ത്തിരുന്നു. ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ അതിന്റെ തുടര്‍ച്ചയായ ‘ഇന്ത്യന്‍ 3: വാര്‍ മോഡ്’ തിയേറ്ററുകളില്‍ എത്തുന്നതിന് പകരം നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യന്‍ 2 വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം.

കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2വിന് തിയേറ്ററുകളില്‍ ലഭിച്ച മോശം പ്രതികരണമാണ് തീരുമാനത്തിന് കാരണമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇതുവരെ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. 1996ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെയും ശങ്കറിന്റെയും ഇന്ത്യന്‍ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇന്ത്യന്‍ 2. ഇതിനും ശേഷമുള്ള സിനിമയായിട്ടാണ് ഇന്ത്യന്‍ ത്രീയും വരുന്നത്.

2024-ലെ സിനിമയില്‍ കമല്‍ഹാസന്‍ വീണ്ടും അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന ജാഗരൂകനായ നായകന്റെ വേഷം അവതരിപ്പിച്ചു. അനീതിക്കെതിരെ ശബ്ദിച്ച് സമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്ന ചിത്ര അരവിന്ദന്റെ നേതൃത്വത്തിലുള്ള യൂട്യൂബര്‍ സംഘത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. നേരത്തേ വിശ്വരൂപം സിനിമയുമായി വന്ന ഒടിടി പ്ലാറ്റ്‌ഫോമിനെ കുറിച്ച് ഇന്ത്യയില്‍ ആദ്യം ആലോചിച്ചത് കമല്‍ ആയിരുന്നു.