Oddly News

കലക്ടറുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളി തുറന്ന് ആന ;  കലക്ടര്‍ക്ക് പരാതി നല്‍കാന്‍ എത്തിയതോ?- വീഡിയോ

ആന എല്ലാവര്‍ക്കും വലിയ പ്രിയപ്പെട്ട മൃഗമാണ്. ആനകളില്‍ ഏറ്റവും രസം കുട്ടിയാനകളുടെ കളികള്‍ കാണാനാണ്. കുസൃതിത്തരങ്ങള്‍ കൊണ്ട് പ്രിയപ്പെട്ട ജീവിയായ ആനയോട് അത്ര ആരാധനയാണ് നമുക്കെല്ലാം. എത്ര തവണ കണ്ടാലും അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ജീവിയുമാണ്. സോഷ്യല്‍ മീഡിയയില്‍ ആനകളുടെ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. കാട്ടാനകള്‍ ഇടയ്ക്ക് നാട്ടിലിറങ്ങി അക്രമം നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ നാട്ടിലിറങ്ങിയ ഒരു കാട്ടാന നേരെ പോയത് ജില്ലാ കലക്ടറുടെ അടുത്തേക്കായിരുന്നു. റോഡിലിറങ്ങി നടന്ന ആന എത്തിയത് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്കു മുന്‍പിലായിരുന്നു. കാട്ടാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറുന്ന വിഡിയോയാണ് വൈറലാകുന്നത്.

ആദ്യം ഗേറ്റ് അടച്ചിട്ടത് കണ്ടപ്പോള്‍ തിരിച്ചു പോകാന്‍ തുടങ്ങുകയായിരുന്നു ആന. എന്നാല്‍ ആനയെ ഓടിക്കാനായി ആളുകള്‍ ബഹളംവെച്ചതോടെ ആന തിരിച്ചെത്തുകയും ഗേറ്റ് മസ്തകം ഉപയോഗിച്ച് തള്ളിതുറക്കുകയും ചെയ്യുകയായിരുന്നു. കാട് വെട്ടിത്തെളിക്കുന്ന മനുഷ്യര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കാന്‍ എത്തിയതാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരാള്‍ കുറിയ്ക്കുന്നത്.