Oddly News Wild Nature

ജീപ്പ് റാലിക്കിടെ കാട്ടാനയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന ഒരു സമാധാന ജീപ്പ് റാലിയ്ക്കിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ഇവന്റ് സൈറ്റിലേക്ക് ഇരച്ചുകയറിയ കാട്ടാന റാലിയിൽ പങ്കെടുത്തവർക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു.

ഏപ്രിൽ 12, 13 തീയതികളിൽ നടന്ന രണ്ട് ദിവസത്തെ ഓഫ് റോഡ് ജീപ്പ് റാലിക്കിടെയാണ് സക്ലേഷ്പൂർ താലൂക്കിലെ ബെല്ലൂർ ഗ്രാമത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആൾക്കാണ് അവിചാരിതമായി വനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ആന എങ്ങുനിന്നോ പ്രത്യക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം, അക്രമാസക്തിയോടെ പാഞ്ഞടുത്ത മൃഗം മലയാളിയായ യുവാവിനെ നിലം പരിശാക്കുകയായിരുന്നു.

യുവാവ് നിലവിളിച്ചതോടെ ജനക്കൂട്ടത്തിനിടയിൽ പരിഭ്രാന്തിയായി. ആനയുടെ ശ്രദ്ധ തിരിക്കാൻ കാഴ്ചക്കാർ ഉച്ചത്തിൽ നിലവിളിക്കുകയും കൈകൊട്ടുകയും ചെയ്തു. ബഹളം കേട്ട ആന, ഉടൻ തന്നെ അടുത്തുള്ള വനത്തിലേക്ക് പിൻവാങ്ങി. ഇതോടെ വലിയ അപകടത്തിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്താൻ ജനക്കൂട്ടത്തിന് കഴിഞ്ഞു.

“ചുറ്റുമുള്ള ആളുകളുടെ പെട്ടെന്നുള്ള പ്രതികരണം ഇല്ലായിരുന്നുവെങ്കിൽ, സാഹചര്യം വളരെ മോശമാകുമായിരുന്നു, പരിക്കേറ്റയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ ചികിത്സയിലാണ്. അദ്ദേഹത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും അപകടനില തരണം ചെയ്തു, ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു” എന്ന്‌ ഒരു ഇവന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏതായാലും ഈ സംഭവം ഇന്ത്യയിലുടനീളം വർദ്ധിച്ചുവരുന്ന വന്യ മൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച ആശങ്കയെ ഉയർത്തിക്കാട്ടുകയാണ്. – മനുഷ്യരുമായി വന്യമൃഗങ്ങൾ ഏറ്റുമുട്ടുന്നതിന്റെ വർദ്ധിച്ചുവരുന്ന ഉദാഹരണമാണിത്. പ്രത്യേകിച്ച് വനങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ. വിദൂര ഗ്രാമങ്ങൾ മുതൽ നഗര പ്രാന്തങ്ങൾ വരെ, ആനകളും പുള്ളിപ്പുലികളും കടുവകളും പോലും മനുഷ്യ മേഖലകളിലേക്ക് വഴിതെറ്റി എത്തുകയും പലപ്പോഴും വിനാശകരമായ സംഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ്. സംഭവത്തിന്‌ പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വന്യജീവി സാധ്യതയുള്ള പ്രദേശങ്ങളിലെ ഇത്തരം സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ അവലോകനം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് ജനം.

Leave a Reply

Your email address will not be published. Required fields are marked *