അന്ധവിശ്വാസങ്ങള്‍മൂലം ഭര്‍ത്താവിന് ശാരീരികബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.
കുടുംബജീവിതത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ആത്മീയത, വിവാഹം ഒരു പങ്കാളിക്ക് ഇണയുടെമേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. തന്റെ ആത്മീയജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍നിന്ന് വിട്ടുനിന്നു, പിജി കോഴ്‌സിന് ചേരാന്‍ അനുവദിച്ചില്ല, അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു, തന്നെ തനിച്ചാക്കി നിരന്തരം തീര്‍ഥയാത്രകള്‍ക്ക് പോയി, പഠനകാലത്തെ സ്റ്റൈപ്പന്‍ഡ് തുക ദുരുപയോഗം ചെയ്തു എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചത്.
ആദ്യം നല്‍കിയ വിവാഹമോചന അപേക്ഷ ഭര്‍ത്താവ് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് പിന്‍വലിച്ചു. ശരിയായ കുടുംബജീവിതം നയിക്കാമെന്നും ഭര്‍ത്താവ് ഉറപ്പ് നല്‍കിയിരുന്നതായി യുവതി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വാക്ക് പാലിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും വിവാഹമോചനവുമായി മുന്നോട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.