Lifestyle

സ്ട്രെച്ചറില്‍ ചലനമറ്റ് ഭര്‍ത്താവ്; മറ്റൊന്നില്‍നിന്ന് കൈനീട്ടി പരുക്കേറ്റ ഭാര്യ; ഹൃദയഭേദകം ഈ ദൃശ്യങ്ങള്‍

ഇരുചക്രവാഹനത്തില്‍ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മരിച്ച കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ആശുപത്രിയില്‍ സ്ട്രെച്ചറി കിടന്ന് അന്ത്യയാത്ര പറഞ്ഞ് ഭാര്യ സന്ദീപ്‌ കൗര്‍. ഞായറാഴ്ച ഡൽഹിയിലെ ധൗള കുവാനിൽ വച്ചായിരുന്നു അപകടം. അമിതവേഗതയിൽ ഗഗന്‍പ്രീത്‌ കൗര്‍ (38) എന്ന സ്‌ത്രീ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ ധനകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായ നവജ്യോതും ഭാര്യ സന്ദീപ് കൗറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചുകയറുകയായിരുന്നു.

അപകത്തില്‍ നവജ്യോത് സിങ് (52) മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം സംഭവിച്ച് 48 മണിക്കൂറുകള്‍ക്കു ശേഷം സ്ട്രെച്ചറിലാണ് ഭര്‍ത്താവിനെ അവസാനമായി കാണാന്‍ ഭാര്യയെത്തിയത്.

രണ്ട് സ്ട്രെച്ചറുകളില്‍ ഒന്നില്‍ നവജ്യോതിന്റെ മൃതദേഹവും മറ്റൊന്നില്‍ ഹൃദയം തകരുന്ന വേദനയുമായി ഭാര്യയും എത്തിയപ്പോള്‍ ചുറ്റുമുള്ള ബന്ധുക്കള്‍ക്കും കണ്ണീരടക്കാനായില്ല. അവസാനമായി നവജ്യോതിന് നേരെ സന്ദീപ് കൗര്‍ കൈനീട്ടിയപ്പോള്‍ ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് ചുറ്റും നിന്നവര്‍ സാക്ഷ്യം വഹിച്ചത്. നവജ്യോത് സിങിന്‍റെ സംസ്കാര ദിവസമായ ഇന്ന് അദ്ദേഹത്തിന്‍റെ മകന്റെ 22ാം ജന്മദിനമാണെന്നതും മറ്റൊരു നോവ് .

കാറില്‍ ഗഗന്‍പ്രീതിന്റെ ഭര്‍ത്താവ്‌ പരീക്ഷിത്‌ മക്കാദുമുണ്ടായിരുന്നു. ഔദ്യോഗിക രജിസ്‌ട്രേഷന്‍ രേഖകള്‍പ്രകാരം പരീക്ഷിത്താണ്‌ ബി.എം.ഡബ്ല്യുവിന്റെ നിയമപരമായ ഉടമ. ഇരുവരും ചേര്‍ന്ന്‌ പരുക്കേറ്റവരെ ഒരുവാനില്‍ സംഭവസ്‌ഥലത്തുനിന്ന്‌ 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചു.

സമീപ ആശുപത്രിയിലെത്തിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചെങ്കിലും കാറിലുണ്ടായിരുന്നവര്‍ ചെവിക്കൊണ്ടില്ലെന്നു പരുക്കേറ്റ സന്ദീപ്‌ പോലീസിനു മൊഴിനല്‍കി. ഗഗന്‍പ്രീതിന്റെ പിതാവ്‌ സഹ ഉടമയായ ആശുപത്രിയിലേക്കാണ്‌ പരുക്കേറ്റവരെ എത്തിച്ചതെന്നു പോലീസ്‌ അന്വേഷണത്തില്‍ വ്യക്‌തമായി.

മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ പ്രതികള്‍ക്ക്‌ അനുകൂലമാക്കി തെളിവു നശിപ്പിച്ച്‌ കേസ്‌ ദുര്‍ബലമാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണോ ഇതെന്നു പരിശോധിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. പരുക്കേറ്റ എല്ലാവരെയും ഏകദേശം 22 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോകണമെന്ന്‌ ഗഗന്‍പ്രീത്‌ നിര്‍ബന്ധിച്ചെന്നു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച വാന്‍ ഡ്രൈവര്‍ മുഹമ്മദ്‌ ഗുല്‍ഫാം മൊഴി നല്‍കി.

അപകടത്തില്‍ നിസാര പരുക്കേറ്റ ഗഗന്‍പ്രീത്‌ കൗറും ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആശുപത്രിയിലെത്തിയാണ്‌ ഗഗന്‍പ്രീതിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുരുഗ്രാമില്‍ താമസിക്കുന്ന ദമ്പതികള്‍ ആഡംബര ഉത്‌പന്ന ബിസിനസുകാരാണെന്നാണ്‌ സൂചന.
ഭാര്യയ്‌ക്കൊപ്പം ഗുരുദ്വാരയില്‍ ദര്‍ശനം നടത്തി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു അപകടത്തില്‍ മരിച്ച നവ്‌ജ്യോത്‌ സിങ്‌.

അതേസമയം, ഇരുവരെയും എത്തിച്ച ജിടിബി നഗർ ആശുപത്രി കേസിലെ പ്രതിയായ ഗഗൻപ്രീതിന്റെ പിതാവിന്റെ സഹ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് പറയുന്നു. ഇത് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമമെന്നാണ് നവജ്യോതിന്റെ കുടുംബം ആരോപിക്കുന്നത്. അപകടം സമയം കാര്‍ ഓടിച്ചിരുന്ന ഗഗൻപ്രീതിനും കാറിലുണ്ടായിരുന്ന ഭർത്താവ് പരീക്ഷിതിനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, തെളിവ് മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.