വേനല്‍ക്കാലം കനക്കുകയാണ്. എവിടെയും കൊടും ചൂട് തന്നെ. പുറത്തുള്ള ചൂട് ചിലപ്പോഴെങ്കിലും കാറിനകത്തേയ്ക്കും പകരാറുണ്ട്. എസി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ ചൂടിനെ അകറ്റാനായി സാധിക്കും. എന്നാല്‍ ഒരു പൊട്ടിത്തെറിക്ക് കാരണമാകുന്ന വസ്തു പലരുടെയും കാറിലുണ്ടെന്ന കാര്യം ആരും മറക്കരുത്.
എയര്‍ ഫ്രഷ്നറുകളുടെ സ്ഥാനം ചൂട് കൂടിയാല്‍ അപകടമായേക്കാവുന്ന വസ്തുക്കളുടെ മുന്നിലാണ്. എയര്‍ ഫ്രഷനറുടെ സുഗന്ധം ശ്വസിച്ച് കാറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു പൊട്ടിത്തെറി ഉണ്ടായാലോ? അത്തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനായി സാധിക്കില്ല. അമിതമായി ചൂട് പിടിക്കുകയാണെങ്കില്‍ എയര്‍ഫ്രഷ്‌നര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്നുള്ള രാസവസ്തുക്കള്‍ ചോര്‍ന്നാല്‍ പൊള്ളലിനും കണ്ണിന് പരിക്കേല്‍ക്കാനും സാധ്യത അധികമാണ്.
കാറിനുള്ളില്‍ ആണെങ്കില്‍ പോലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് എയര്‍ഫ്രഷ്‌നര്‍ വയ്ക്കുന്നതെങ്കിലാണ് അപകടസാധ്യത വര്‍ധിക്കുന്നത്. ഇത്തരത്തില്‍ ഒരു അപകടം പതിയിരിക്കുന്നുവെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എയര്‍ഫ്രഷ്‌നറുകള്‍ ചൂടായാല്‍ അതിലെ രാസവസ്തുക്കള്‍ അതിലും അധികം ചൂടാകുന്നു. ഇത് എയര്‍ ഫ്രഷ്‌നറിന് താങ്ങാനായി സാധിക്കുന്നതിലും അപ്പുറം സമ്മര്‍ദം എത്തുമ്പോഴാണ് അത് പൊട്ടിത്തെറിക്കുന്നത്.
എയര്‍ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാറിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്ത് അത് വെക്കണം. ഹീറ്ററുകള്‍ പോലെ ചൂട് പുറംതള്ളുന്ന വസ്തു കാറിനുള്ളിലുണ്ടെങ്കില്‍ അതിന് അടുത്ത് എയര്‍ ഫ്രഷ്‌നര്‍ വെക്കരുത്. എയര്‍ഫ്രഷനറില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പിക്കണം.സുരക്ഷാ നിര്‍ദേശങ്ങള്‍ വാങ്ങുന്നതിന് മുമ്പ് വായിച്ചു നോക്കുന്നതും നല്ലതാണ്.
തൊലിപ്പുറത്തുണ്ടാക്കുന്ന ചെറിയ ചൊറിച്ചില്‍ മുതല്‍ കണ്ണിനും കാഴ്ചയ്ക്കും ഗുരുതരമായ പരിക്കേല്‍ക്കുന്നതിന് വരെ എയര്‍ഫ്രഷ്‌നറുകള്‍ കാരണമായിട്ടുണ്ട്.
തീപിടുത്തത്തിന് സാദ്ധ്യതയുള്ള സ്പ്രേകളും സാനിറ്റൈസറും കാറിനുള്ളില്‍ സൂക്ഷിക്കരുത്. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകൾ കത്തുന്നവയാണ്, പക്ഷേ അവ കാറിൽ സ്വയമേവ തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും വളരെ ചൂടുള്ള സാഹചര്യങ്ങളിൽ അവ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.