മരണശേഷം തങ്ങളുടെ ശരീരം തണുപ്പിച്ച് സൂക്ഷിക്കാന്‍ വന്‍തുക മുടക്കുകയാണ് യു എസിലെ കോടീശ്വരന്മാര്‍. ശരീരം മരിച്ച് കഴിഞ്ഞാലും ആത്മാവിന് അമരത്വം നേടിക്കൊടുക്കാനുള്ള ‘ തണുപ്പിക്കല്‍ വിദ്യ’ എന്നതിനു പിന്നാലെയാണ് യുഎസ്എയിലെ കോടീശ്വരന്മാരെല്ലാവരും. മരണാന്തരം തങ്ങളുടെ ശരീരം ഫ്രീസറില്‍ സൂക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണത്രേ ഇവര്‍. മരിച്ച തങ്ങളുടെ ശരീരം വളരെ കുറഞ്ഞ ഊഷ്മാവില്‍ ഫ്രീസറിനകത്ത് തണുപ്പിച്ച് സൂക്ഷിക്കാന്‍ ആയിരക്കണക്കിന് യു എസ് കോടീശ്വരന്‍മാരാണ് ഇതിനോടകം തന്നെ പല കമ്പനികളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളെ ജീവിതത്തിലേക്ക് പിന്നീട് മടക്കികൊണ്ടുവരാനായി സാധിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ക്രയോണിക്‌സ് എന്ന ശാസ്ത്രശാഖയാണ് ഇതിന് അടിസ്ഥാനമാകുന്നത്. ബ്ലൂംബർഗ് എന്ന മാധ്യമ സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ഞൂറിലേറെ ആളുകളാണ് ഇതുവരെ പണം മുടക്കിയത്. ഈ പ്രവണത യു എസ് അഭിഭാഷകരെ “റിവൈവൽ ട്രസ്റ്റുകൾ” സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. കാരണം? മരിച്ചവർ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ, അവരുടെ സമ്പത്ത് അപ്പോഴും കേടുകൂടാതെയിരിക്കണമല്ലോ? 5500 പേർ ക്രയോജനിക് സംരക്ഷണത്തിനായി പദ്ധതിയിട്ടിട്ടുണ്ട്.
ഒരു വ്യക്തിയുടെ ഓര്‍മയും സ്വഭാവസവിശേഷതകളും തലച്ചോറിലാണ് സൂക്ഷിക്കപ്പെടുന്നത്. ഹൃദയമിടിപ്പ് നിലച്ചതിനു പിന്നാലെ ക്രയോണിക്‌സ് പരിപാടികള്‍ ആരംഭിക്കുന്നു. ശരീരം ഒരോ ഘട്ടമായി തണുപ്പിച്ചെടുക്കുന്നതാണ് ആദ്യ പടി. ഈ സമയത്ത് ശരീരത്തിലെ രക്തയോട്ടം നിലയ്ക്കാതെ നോക്കുകയും രക്തം കട്ടപിടിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം. പിന്നാലെ കോശങ്ങള്‍ക്ക് നാശം വരാതിരിക്കാനായി രാസലായനികള്‍ അകത്തും പുറത്തും ഉപയോഗിക്കും. പിന്നാലെ ലിക്വിഡ് ഹൈഡ്രജന്‍ ടാങ്കില്‍ 200 ഡിഗ്രി താപനിലയാണ് ശരീരം സൂക്ഷിക്കുന്നത്.
ജെഫ് ബെസോസ്, സാം ആൾട്ട്മാൻ തുടങ്ങിയ ശതകോടീശ്വരന്മാർ ഇതിനകം തന്നെ മരണത്തെയും വാർദ്ധക്യത്തെയും വെല്ലുവിളിക്കാൻ പ്രവർത്തിക്കുന്ന കമ്പനികളിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
യു എസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ശരീരം ഫ്രീസറില്‍ വയ്ക്കുന്നതിനായി ഏകദേശം ഒന്നരകോടി രൂപയാണ് ചെലവ് വരുന്നത്. വാര്‍ഷിക മെയിന്റന്‍സ് തുകയും നല്‍കേണ്ടതായി വരുന്നു. 50 മുതൽ 100 വർഷത്തേക്കാണ് ശരീരം ഇത്തരത്തില്‍ സൂക്ഷിക്കുക. പക്ഷേ, ഒരു കണ്ടീഷന്‍, ഈ കാലയളവിലേക്കുള്ള മുഴുവൻ തുകയും ആദ്യം തന്നെ അടയ്ക്കണം.