Oddly News

പണം കൊണ്ടുമാത്രം വാങ്ങാനാവില്ല ഈ വീട്; ഉടമ തള്ളിക്കളഞ്ഞവരിൽ ബോളിവുഡ് താരങ്ങളും, വില 120 കോടി

മോശം പറയാനില്ലാത്ത ഒരു വീട് വില്‍പ്പനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കച്ചവടം നടക്കും. എന്നാല്‍ ആവശ്യക്കരുണ്ടായിട്ടും കാലങ്ങളായി വില്‍പന നടക്കാതെ ഒഴിഞ്ഞ് കിടക്കുകയാണ് മുംബൈയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ്. പെന്റ് ഹൗസാണ് വീട്ടുടമയ്ക്കുള്ള ചില കാഴ്ചപ്പാടുകൾ കാരണം വില്‍പ്പന നടക്കാതെ കിടക്കുന്നത്. എന്നാൽ സാധാരണ ഒരു വീടല്ല. കോടികള്‍ വിലവരുന്ന ആഡംബര പ്രോപ്പര്‍ട്ടിയാണിത് .

120 കോടി രൂപയാണ് വീടിന്റെ വില. സെലിബ്രിറ്റി ബ്രോക്കറാണ് പ്രോപ്പര്‍ട്ടിയുടെ ഇടനിലക്കാരന്‍. 16000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ 6 കിടപ്പുമുറികളുണ്ട്. ഈ വീട് വാങ്ങാനായി നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ട്.എന്നാല്‍ അവരില്‍ പലരും ഉടമയുടെ മനസ്സിന് ഇണങ്ങാത്തവരായതിനാലാണ് കച്ചവടം നടക്കാത്തത്. വീട് വാങ്ങാനെത്തുന്നവരുടെ കുടുംബ പശ്ചാത്തലം, സമൂഹികത്തിലെ നില എന്നിവയെല്ലാം ഉടമ കണക്കിലെടുക്കും.

കൂടാതെ സ്ഥലം തേടിയെത്തുന്നവരുടെ ജോലി സ്ഥാപനത്തിലെത്തി അത് എത്തരത്തിലുള്ളതാണെന്നും നിലവാരം എത്രത്തോളം ഉണ്ടെന്നും ഉടമ പരിശോധിക്കും. പല കാരണങ്ങളാല്‍ തള്ളികളഞ്ഞവരുടെ കൂട്ടത്തില്‍ ബോളിവുഡ് താരങ്ങളും ഉള്‍പ്പെടുന്നു. ഉടമ നിലവില്‍ ദുബായില്‍ ജീവിക്കുന്ന വ്യക്തിയാണ്. പണം നല്‍കി മാത്രം വീട് വിലക്കെടുക്കാനാവില്ല. യോജിച്ച വ്യക്തിയാണെന്ന് ഉടമ ഉറപ്പ് വരുത്തണം. ഗ്ലാസില്‍ തീര്‍ത്ത ഭിത്തികള്‍, എലവേറ്റര്‍, റൂഫ് ടോപ്പ് സ്വിമ്മിങ് പൂള്‍, ജിം എന്നീ സൗകര്യങ്ങള്‍ക്ക് പുറമേ കെട്ടിടത്തിലെ 8 കാര്‍പാര്‍ക്കിങ്ങ് സ്‌പോട്ടുകളും പെന്റ് ഹൗസിന്റെ ഉടമയ്ക്ക് ഉപയോഗിക്കാം.

പുതിയ ഉടമയ്ക്ക് അയല്‍ക്കാരുമായി സഹകരിക്കാനായി സാധിക്കണം. വിനയമുണ്ടാകണം, പണത്തില്‍ അഹങ്കരിക്കരുത്, കുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷികണം. വില്‍പ്പന നടന്നില്ലെങ്കില്‍ പ്രതിമാസം 15 ലക്ഷം ഈടാക്കി വാടകയ്ക്ക് വീട് നല്‍കാനാണ് തീരുമാനം.