Sports

ഭാഗ്യനമ്പര്‍ 7 ആണെങ്കിലും ശുഭ്മാന്‍ ഗില്‍ എന്തുകൊണ്ട് 77 ഉപയോഗിക്കുന്നു ?

ഫുട്‌ബോളിലാണെങ്കില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ക്ക് കിട്ടുന്ന നമ്പറാണ് ക്രിക്കറ്റില്‍ ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിന്റേത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ധരിച്ച 7 നൊപ്പം മറ്റൊരു 7 കൂടി ചേര്‍ത്ത് 77 ആണ് ശുഭ്മാന്‍ കളിക്കുമ്പോള്‍ അണിയുന്ന നമ്പര്‍.

എന്തുകൊണ്ടാണ് ശുഭ്മാന് ഇന്ത്യന്‍ ടീമില്‍ ഇതുവരെ ആരും ധരിക്കാത്ത ഈ നമ്പര്‍ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ശുഭ്മാന്റെ മറുപടി ഇങ്ങിനെയായിരുന്നു. അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍, 77-ാം നമ്പര്‍ ജേഴ്‌സി ലഭിച്ചതിന്റെ കഥയും അതില്‍ താന്‍ എങ്ങനെ കളിക്കുന്നുവെന്നും ശുഭ്മാന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ ഭാഗ്യ നമ്പര്‍ 7 ആണെന്നും ആ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്റെ ലക്കി നമ്പറിനെ രണ്ടാക്കി താരം 77 വാങ്ങുകയായിരുന്നത്രേ.

”ഞാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുമ്പോള്‍, എനിക്ക് ഏഴാം നമ്പര്‍ വേണമായിരുന്നു, പക്ഷേ അത് എനിക്ക് ലഭ്യമായിരുന്നില്ല.” ശുഭ്മാന്‍ പറഞ്ഞു. പക്ഷേ എന്തുകൊണ്ടാണ് ‘7’ എന്ന നമ്പര്‍ ലഭ്യമാകാതെ വന്നതെന്ന് താരം പറഞ്ഞതുമില്ല. ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ എം എസ് ധോണി ധരിച്ചിരുന്ന നമ്പറാണ് 7. ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇപ്പോള്‍ ശുഭ്മാന് ആ നമ്പര്‍ കിട്ടാന്‍ തടസ്സമില്ലെങ്കിലും താരത്തിന് ഇപ്പോള്‍ ഏഴാം നമ്പര്‍ വേണ്ടാതായിട്ടുണ്ട്.

അതേസമയം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 10 പോലെ ധോണിയുടെ ഏഴും ബിസിസിഐ പിന്‍വലിക്കാന്‍ ആലോചിക്കുന്നുണ്ട്. അതേസമയം യുവതാരത്തിന്റെ ഇപ്പോഴത്തെ ഇഷ്ടതാരം വിരാട്‌കോഹ്ലിയാണ്. താന്‍ വളരുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിച്ചിരുന്നുവെന്നും എമര്‍ജിംഗ് താരം പറഞ്ഞു. ലോകകപ്പിന് മുമ്പ് വരെ ഇന്ത്യയുടെ സെന്‍സേഷന്‍ ബാറ്റിംഗ് താരമായിരുന്നു ഗില്‍.

എന്നാല്‍ ലോകകപ്പ് തുടങ്ങിയ ശേഷം ലോകകപ്പിലെ മികച്ച 25 ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ പോലും ഇല്ല. ഡെങ്കിപ്പനി ബാധിച്ചതിനാല്‍ തുടക്കം നഷ്ടമായ അദ്ദേഹം രോഗത്തില്‍ നിന്നുംകരകയറാന്‍ പത്ത് ദിവസമെടുത്തു. പാക്കിസ്ഥാനെതിരെ തിരിച്ചുവരവ് നടത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനുശേഷം, പിന്നീട് തുടര്‍ച്ചയായി കളിച്ചെങ്കിലും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത താരത്തിന് പക്ഷേ ഇവിടെ പറയത്തക്ക ഒരു സ്‌കോര്‍ പോലും നേടാനായിട്ടില്ല.