Myth and Reality

മിക്ക ഹോട്ടലുകളിലും 13-ാം നമ്പർ മുറി ഇല്ലാത്തത് എന്തുകൊണ്ട്? ‘അപശകുന’മോ? ഇതിലെ വാസ്തവമെന്ത്?

ചില ഹോട്ടലുകളില്‍ ചെന്നാല്‍ ലിഫ്റ്റില്‍ 13-ാം നില രേഖപ്പെടുത്താറില്ലാത്തതും ബുക്ക് ചെയ്യുന്ന പേജില്‍ റൂം നമ്പര്‍ 13 കാണാത്തതായും ശ്രദ്ധിച്ചിട്ടുണ്ടോ? അത് യാദൃശ്ചികമല്ല. വലിയ ഹോട്ടല്‍ ശൃംഖലകള്‍ മുതല്‍ ചെറിയ ഹോട്ടലുകളില്‍ വരെ 13-ാം നമ്പര്‍ ഒഴിവാക്കാറുണ്ട്. മുറിയുടെ നമ്പറുകളിലും നിലകളിലും പരസ്യങ്ങളിലുമെല്ലാം മനപ്പൂര്‍വ്വം ഈ നമ്പര്‍ ഒഴിവാക്കാറുണ്ട്.

ഇതിന് കാരണം ‘ട്രൈസ്‌കൈഡെകഫോബിയ’ ആണ്. 13 എന്ന അക്കത്തോടുള്ള ഭയം. ഈ അന്ധവിശ്വാസം ഹോട്ടലുകളുടെ നിര്‍മ്മാണത്തെ സ്വാധീനിക്കുന്നുണ്ട്. അതിഥികള്‍ക്ക് സമാധാനപരമായ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ വ്യവസായത്തില്‍, ഈ അക്കം ഒഴിവാക്കുന്നത് ഒരു ബിസിനസ് മോഡലിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ഹോട്ടലുകള്‍ റൂം നമ്പര്‍ 13 ഒഴിവാക്കുന്നത് എന്തുകൊണ്ട്?

ബിസിനസ് കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ റൂം നമ്പര്‍ 13 ഒഴിവാക്കുന്നത് ന്യായമാണ്. ഏതാനും അതിഥികള്‍ പോലും ഈ മുറി ബുക്ക് ചെയ്യാന്‍ മടിച്ചാല്‍ അത് വരുമാന നഷ്ടത്തിന് കാരണമാകും. അതുകൊണ്ട് പല ഹോട്ടലുകളും 13-ാം നിലയെ 14 എന്നോ 12എന്നോ മാറ്റാറുണ്ട്. ഒടിസ് എലിവേറ്റേഴ്‌സിന്റെ കണക്കനുസരിച്ച്, അവരുടെ ലിഫ്റ്റുകളുള്ള ഏകദേശം 85 ശതമാനം കെട്ടിടങ്ങളിലും 13-ാം നിലക്ക് ഒരു പേര് നല്‍കാറില്ല. ചില ഹോട്ടലുകള്‍ ഇതിനും ഒരുപടി മുന്നോട്ട് പോയി, 13 എന്ന അക്കത്തെ അക്ഷരം കൊണ്ട് അടയാളപ്പെടുത്താറുണ്ട്. അല്ലെങ്കില്‍ ആ നില യന്ത്ര സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലമാക്കി മാറ്റുകയോ ചെയ്യുന്നു.

ഇന്ത്യയില്‍ ഈ അക്കത്തിന് പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ വലിയ പ്രാധാന്യമില്ലെങ്കിലും, വിദേശ സഞ്ചാരികള്‍ക്ക് വേണ്ടി പല ഇന്ത്യന്‍ ഹോട്ടലുകളും ഈ രീതി പിന്തുടരുന്നു. ഇത് വെറുമൊരു അന്ധവിശ്വാസം മാത്രമല്ല. ‘കോഗ്‌നിറ്റീവ് ഈസ്’ എന്ന മനശാസ്ത്ര തത്വം അനുസരിച്ച്, ആളുകള്‍ക്ക് പരിചിതവും ലളിതവും ആശ്വാസകരവുമായ അന്തരീക്ഷങ്ങളാണ് ഇഷ്ടം. അതിഥികള്‍ക്ക് റൂം നമ്പര്‍ 13-നെക്കുറിച്ച് ബോധപൂര്‍വ്വം ഭയമില്ലെങ്കില്‍ പോലും, ഉണ്ടാകാവുന്ന ചെറിയ അസ്വസ്ഥത അവരുടെ അനുഭവങ്ങളെ ബാധിക്കാം.

ഹോട്ടല്‍ ജീവനക്കാര്‍ പലപ്പോഴും ഇത്തരം കഥകള്‍ പങ്കുവെക്കാറുണ്ട്. റൂം നമ്പര്‍ 13 ലഭിച്ച അതിഥികള്‍ മുറി മാറ്റാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ 13-ാം നിലയില്‍ താമസിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യാറുണ്ട്. ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും, റൂം നമ്പര്‍ 13-ന് സ്ഥിരമായി ബുക്കിംഗ് നിരക്ക് കുറവാണ്.

പുരാതന കഥകള്‍ നല്‍കിയ ദുഷ്‌പേര്

നോര്‍സ് മിത്തോളജി: വാല്‍ഹല്ലയില്‍ സമാധാനപരമായി വിരുന്നുകഴിക്കുകയായിരുന്ന 12 ദേവന്‍മാരുടെ അടുത്തേക്ക് വികൃതികളുടെ ദൈവമായ ലോക്കി 13-ാമത്തെ അതിഥിയായി എത്തി. അദ്ദേഹത്തിന്റെ വരവ് സന്തോഷത്തിന്റെ ദേവനായ ബാള്‍ഡറിന്റെ മരണത്തിന് കാരണമാവുകയും ലോകത്തെ ഇരുട്ടിലാഴ്ത്തുകയും ചെയ്തു.

ക്രിസ്ത്യാനിറ്റി: അന്ത്യ അത്താഴത്തില്‍ യേശു തന്റെ 12 ശിഷ്യന്മാരുമായി ഇരുന്നു. അവരെ ഒറ്റിക്കൊടുത്ത യൂദാസ് ഇസ്‌കരിയോത്ത് ആയിരുന്നു 13-ാമത്തെ വ്യക്തി. അടുത്ത ദിവസം, ദുഃഖവെള്ളി, യേശുവിന്റെ ക്രൂശീകരണത്തിന് സാക്ഷ്യം വഹിച്ചു.

പുരാതന ബാബിലോണ്‍: ഏറ്റവും പഴയ നിയമസംഹിതകളില്‍ ഒന്നായ ‘ഹമ്മുറാബിയുടെ കോഡ്’ എന്ന പുസ്തകത്തില്‍ 13-ാം നമ്പര്‍ ഒഴിവാക്കിയതായി കാണുന്നു. ഇതൊരു എഴുത്തുപിശകാണെന്ന് ചിലര്‍ വിശ്വസിക്കുന്നു, എന്നാല്‍ മറ്റുചിലര്‍ ഇതിനെ 13 എന്ന അക്കത്തോടുള്ള പുരാതനകാലത്തെ സംശയമായി വാദിക്കുന്നു.

ഹോളിവുഡ് സിനിമകളുടെ സംഭാവന: ഈ കഥകള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും 13 എന്ന അക്കം ദുരന്തത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. കാലക്രമേണ, ഈ വിശ്വാസം വാസ്തുവിദ്യയെയും ഹോട്ടല്‍ മുറികളുടെ രൂപകല്‍പ്പനയെയും സ്വാധീനിച്ചു.
സിനിമകളും സാഹിത്യവും ഈ ഭയത്തിന് കൂടുതല്‍ ആക്കം കൂട്ടി. ‘ഫ്രൈഡേ ദി 13ത്’ പോലുള്ള ഹോളിവുഡ് ഹൊറര്‍ സിനിമകള്‍ ഈ അക്കത്തെ അപകടത്തിന്റെ സൂചകമാക്കി മാറ്റി. തോമസ് ഡബ്ല്യു. ലോസണിന്റെ 1907-ലെ ‘ഫ്രൈഡേ ദി തേര്‍ട്ടീന്‍ത്’ എന്ന നോവല്‍ ഇതിനെ സാമ്പത്തിക ദുരന്തവുമായി ബന്ധപ്പെടുത്തി. ഈ കഥകളിലൂടെ 13 എന്ന അക്കം നിര്‍ഭാഗ്യത്തിന്റെ പര്യായമായി മാറി.