ലോകത്ത് വിവിധ കാളയിനങ്ങളുള്ളതിൽ ശരീരത്ത് മസിൽ നിറഞ്ഞതും ആകാരം കൊണ്ട് പ്രശസ്തി നേടിയതുമായ കാളയാണു ബെൽജിയൻ ബ്ലൂ വിഭാഗത്തിലുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ, ബെൽജിയൻ ബ്ലൂ കന്നുകാലികൾ മധ്യ, അപ്പർ ബെൽജിയത്തിലാണ് ഉത്ഭവിച്ചത്. 1100 മുതൽ 1250 കിലോഗ്രാം വരെ ഭാരം വരുന്ന ഈ കാളകൾക്ക് ഒന്നര മീറ്റർ വരെയാണ് ഉയരം.
ബെൽജിയൻ ബ്ലൂ കന്നുകാലികളെ റേസ് ഡി ലാ മോയെൻ എറ്റ് ഹൗട്ട് ബെൽജിക്, ബെൽജിയൻ ബ്ലൂ-വൈറ്റ്, ബെൽജിയൻ വൈറ്റ് ആൻഡ് ബ്ലൂ പൈഡ്, ബെൽജിയൻ വൈറ്റ് ബ്ലൂ, ബ്ലൂ, ബ്ലൂ ബെൽജിയൻ എന്നും വിളിക്കുന്നു.
മനുഷ്യ ബോഡിബിൽഡർമാരെ അനുസ്മരിപ്പിക്കുന്ന തരത്തിൽ എഴുന്നു നിൽക്കുന്ന മസിലുകളാണ് ഈ കാളയുടെ പ്രധാന സവിശേഷത. ഇവയുടെ ശരീരത്തിലുള്ള മയോസ്റ്റാറ്റിൻ ജീനിലുണ്ടായ മ്യൂട്ടേഷനാണ് ഇതിനു കാരണം. ഈ മ്യൂട്ടേഷൻ കാരണം മയോസ്റ്റാറ്റിൻ എന്ന പ്രോട്ടീന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. ഇതു കാരണം 20 ശതമാനം അധികം പേശീവളർച്ചയാണ് ഈ ബ്രീഡുകളിലുള്ള കാളകൾക്ക് ഉണ്ടാകുന്നത്.
ഈ ഇനത്തിന്റെ പേശികൾക്ക് സ്വാഭാവിക വികാസമാണ് ഉണ്ടാകുന്നത്. അവ ജനിക്കുന്നത് അത്രയും ബലവത്തായ പേശിയോടെയല്ല, പക്ഷേ 4 മുതൽ 6 ആഴ്ച വരെ പ്രായമാകുമ്പോൾ ആ പേശി വികസിക്കാൻ തുടങ്ങും.
എന്നാൽ ഇത്രയും മസിലും ശക്തിയുമൊക്കെയുണ്ടെങ്കിലും സ്വഭാവത്തില്‍ ഇവ ശാന്തരാണ്, സമാധാനപ്രിയരുമാണ്. ഇവയ്ക്കു പൊതുവേ നീലയോ ചാരനിറത്തിലോ ഉള്ള പുറംശരീരമാണുള്ളത്. എന്നാൽ വെള്ളയും നീലയും കറുപ്പുമൊക്കെ നിറങ്ങളുള്ളവയും ഇവയുടെ കൂട്ടത്തിലുണ്ട്. മനുഷ്യരിലെ മസിൽമാൻമാർ കഴിക്കുന്നതുപോലെ തന്നെ ഉയർന്ന ഊർജവും ഉയർന്ന പ്രോട്ടീനുമുള്ള ഭക്ഷണമാണ് ഈ കാളകൾക്കു വേണ്ടത്. മസിൽ വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.
19ാം നൂറ്റാണ്ടിലാണ് ബെൽജിയത്തിൽ ഈ കാലികളെ വികസിപ്പിച്ചത്. അമിത മസിലുകൾ കാരണം ചില ആരോഗ്യ പ്രശ്നങ്ങളും ഇവയ്ക്കുണ്ടാകാറുണ്ട്. പ്രദർശനങ്ങളിലും മറ്റും ഈ കാളകൾക്കു നല്ല ഡിമാൻഡാണ്. സൂപ്പർഹീറോ കാളകൾ എന്ന ലേബലോടെയാണ് ഇവ പ്രദർശിപ്പിക്കപ്പെടുന്നത്.




