Featured Sports

വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ബദോനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ‘ഗംഭീർ വളർത്തിയ’ ഓൾറൗണ്ടർ

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിന്റെ പകരക്കാരനായി പുതുമുഖം ആയുഷ്‌ ബദോനിയെ ഉള്‍പ്പെടുത്തി. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി താരം ടീമിനൊപ്പം ചേരും. യുവ ഓൾറൗണ്ടറെ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്കു പരിഗണിക്കുന്നത്.

വാഷിങ്‌ടണ്‍ സുന്ദറിന്‌ ഒന്നാം ഏകദിനത്തിനിടെ പരുക്കേറ്റിരുന്നു. അഞ്ച്‌ ഓവര്‍ എറിഞ്ഞ വാഷിങ്‌ടണ്‍ സുന്ദര്‍ പരുക്കേറ്റു പുറത്തു പോയ ശേഷം ഫീല്‍ഡില്‍ തിരിച്ചെത്തിയില്ല. എട്ടാം നമ്പറായി ബാറ്റ്‌ ചെയ്യാനിറങ്ങിയിരുന്നു. ഇന്ത്യ മത്സരത്തില്‍ നാല്‌ വിക്കറ്റിന്റെ ജയമറിഞ്ഞിരുന്നു. താരത്തിന്റെ ഇടതു വാരിയെല്ലിനാണു പരുക്കെന്നു ബി.സി.സി.ഐ. വ്യക്‌തമാക്കി. സുന്ദറിനെ വിശദ പരിശോധനയ്‌ക്കു വിധേയനാക്കും.

ബദോനിയുടെ കന്നി പ്രവേശനം

ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള ബദോനിയുടെ ആദ്യ വിളിയാണിത്. 2025-ൽ ഇന്ത്യ എ ടീമിനായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു ബാറ്ററാണെങ്കിലും, വാഷിംഗ്ടൺ സുന്ദറിനെപ്പോലെ ഫലപ്രദമായ ഓഫ്-സ്പിൻ എറിയാൻ ബദോനിക്കും സാധിക്കും. ടീമിന്റെ ഘടനയിൽ മാറ്റം വരുത്താതെ തന്നെ സുന്ദറിന് പകരക്കാരനായി ബദോനിയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താം എന്നതാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിലെ പ്രധാന കാരണം.

26 വയസുകാരനായ ബദോനി 27 ലിസ്‌റ്റ് എ മത്സരങ്ങള്‍ കളിച്ചു. 36.47 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച്‌ അര്‍ധ സെഞ്ചുറികളും കുറിച്ചു. ബാറ്ററാണെങ്കിലും പാര്‍ട്ട്‌ ടൈം ഓഫ്‌ സ്‌പിന്നര്‍ കൂടിയാണ്‌. അരങ്ങേറ്റ മത്സരത്തിൽ ഫിനിഷർ റോളിൽ അര്‍ധ സെഞ്ചറി നേടിയതോടെ ലക്നൗ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായി താരം മാറി. 26 വയസ്സുകാരനായ താരം ഇന്ത്യ എ ടീമിനുവേണ്ടിയും കളിക്കാനിറങ്ങിയിട്ടുണ്ട്.

ഗംഭീറുമായുള്ള ബന്ധം

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ടി20, ഫസ്റ്റ് ക്ലാസ് ഫോർമാറ്റുകളിൽ ബദോനി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ലിസ്റ്റ് എ (ഏകദിന) റെക്കോർഡ് ശരാശരി മാത്രമാണ്. എന്നാൽ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് ബദോനിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇരുവരും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് മാത്രമല്ല, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ ഗംഭീറിന് കീഴിലാണ് ബദോനി കളിച്ചിട്ടുള്ളതും.

വിജയ്‌ ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി മൂന്ന്‌ ഇന്നിങ്‌സുകളിലായി 22 ഓവര്‍ എറിഞ്ഞ് നാല്‌ വിക്കറ്റുമെടുത്തു. സീസണില്‍ ബാറ്ററെന്ന നിലയില്‍ തിളങ്ങാനായില്ല. അഞ്ചാം നമ്പര്‍ ബാറ്ററായാണു കൂടുതല്‍ തിളങ്ങിയത്‌. കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയുമടിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 56 മത്സരങ്ങള്‍ കളിച്ചു. ടി20 ലോകകപ്പ് ആസന്നമായിരിക്കെ, ലോകകപ്പ് സ്ക്വാഡിലുള്ള അക്സർ പട്ടേലിനെപ്പോലുള്ള താരങ്ങളെ അനാവശ്യമായി ഏകദിന മത്സരങ്ങളിൽ കളിപ്പിക്കേണ്ട എന്ന തീരുമാനത്തിലാകാം ബിസിസിഐ ഇത്തരമൊരു നീക്കം നടത്തിയത്.

പരിശോധനകൾക്കു ശേഷം പരുക്കു ഗുരുതരമല്ലെങ്കിൽ വാഷിങ്ടൻ സുന്ദർ ട്വന്റി20 ടീമിന്റെ ഭാഗമായേക്കും. ടീമിലെത്തിയെങ്കിലും ആയുഷ് ബദോനിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കളിക്കാനിറങ്ങാനാണു സാധ്യത. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ബദോനി, ര‍ഞ്ജി ട്രോഫിയിൽ ഡൽഹി ടീമിന്റെ ക്യാപ്റ്റനാണ്.2022 ൽ ഇപ്പോഴത്തെ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ, ലക്നൗ മെന്ററായിരുന്ന കാലത്താണ് ബദോനിക്ക് ആദ്യമായി ഐപിഎലിൽ അവസരം കിട്ടുന്നത്. ഈ പരമ്പരയിൽ ഇന്ത്യൻ ടീമിൽ വരുത്തേണ്ടി വരുന്ന രണ്ടാമത്തെ മാറ്റമാണിത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്തിനു പകരം ധ്രുവ് ജുറലിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം 14 നു രാജ്‌കോട്ടില്‍ നടക്കും. അവസാന മത്സരം 18 ന്‌ ഇന്‍ഡോറിലാണ്‌. തുടര്‍ന്ന്‌ അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയും നടക്കും. നാഗ്‌പുര്‍ (21), റായ്‌പുര്‍ (23), ഗുവാഹാത്തി (25), വിശാഖപട്ടണം (28), തിരുവനന്തപുരം (31) എന്നിവിടങ്ങളിലാണു പരമ്പര.