Sports

മാഞ്ചസ്റ്റര്‍ പൂര്‍ണ്ണമായും തള്ളി, റീയല്‍ ബെറ്റിസിനും ആവശ്യമില്ല; ഡേവിഡ് ഡി ഗിയ ഇനി എവിടെപ്പോകും?

വിഖ്യാത ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറിലായ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയ്ക്ക് തല ചായ്ക്കാന്‍ ഒരു ക്ലബ്ബില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സ്പാനിഷ് ക്ലബ്ബ് റീയല്‍ ബെറ്റിസില്‍ ചേരുമെന്ന് കേട്ടിരുന്നെങ്കിലും താരത്തെ അവര്‍ക്കും വേണ്ട.

ഉയര്‍ന്ന റേറ്റിംഗ് ഉള്ള റൂയി സില്‍വയും മികച്ച പരിചയസമ്പന്നനായ ക്ലോഡിയോ ബ്രാവോയും വലയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ളപ്പോള്‍ റീയല്‍ ബെറ്റിസിന് ഡി ഗിയയെ ആവശ്യമില്ല. ഇവര്‍ക്ക് പുറമേ സ്പാനിഷ് ഗോള്‍കീപ്പറെ കൂടി ടീം അണിനിരത്തുന്നു എന്ന അഭ്യൂഹങ്ങള്‍ ഈ ആഴ്ച ആദ്യം പ്രചരിച്ചിരുന്നു.

പക്ഷേ ഇപ്പോള്‍ താരത്തെ ആവശ്യമില്ലെന്നാണ് കേള്‍ക്കുന്നത്. പരിക്കില്‍ നിന്നും മോചിതരായി ഇന്റര്‍നാഷണല്‍ ഡ്യൂട്ടിയും കഴിഞ്ഞ് പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണ് രണ്ടുപേരും വരുന്നത്. അതുകൊണ്ടു തന്നെ ഒരു മൂന്നാമത്തെ കീപ്പറെ അവര്‍ക്കാവശ്യമില്ല. ഇതിനൊപ്പം ടീമിലേക്ക് പുതിയ താരങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടും ഇരിക്കുന്നു. അവര്‍ പൂര്‍ണ്ണ സജ്ജമാകുന്നത് വരെയേ ഇവരുടെ സേവനങ്ങളും ആവശ്യമുള്ളൂ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഡി ഗിയ സ്വതന്ത്രമാകുന്നത്. താരത്തെ റയല്‍മാഡ്രിഡ് സ്വന്തമാക്കും എന്നാണ് ആദ്യം കേട്ടത്. കാല്‍മുട്ടിന് പരിക്കേറ്റ തിബോട്ട് കോര്‍ട്ടോയിസിന് ഒരു മികച്ച പകരക്കാരനായി അവര്‍ ആദ്യം പരാമര്‍ശിച്ച പേര് ഡി ഗിയയുടേതായിരുന്നു.

എന്നാല്‍ സെവിയ്യയുടെ മൊറാക്കോ കീപ്പര്‍ യാസീന്‍ ബോണോയിലേക്ക് അവരുടെ കണ്ണ് പോയി. എന്നാല്‍ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് കാരണം ബോണോയെ കിട്ടുന്ന കാര്യം സംശയത്തിലായപ്പോള്‍ റയല്‍ ചെല്‍സിയില്‍ നിന്ന് കെപ അരിസാബലാഗയെ ലോണില്‍ എടുത്തു. ഉടന്‍ ബോണോ സൗദി പ്രോ ലീഗിലെ അല്‍-ഹിലാലിലേക്ക് മാറി. സൗദി ലീഗാണ് ഇനി ഡി ഗിയയ്ക്കും ആശ്രയം.