Movie News

‘കൽക്കി 2’വിൽ‍ നിന്നും ദീപിക പദുക്കോണിനെ പുറത്താക്കി നിർമാതാക്കൾ

ബോളിവുഡില്‍ മിന്നും വിജയം നേടിയ പ്രഭാസ് നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാംഭാഗത്തില്‍ നിന്നും നടി ദീപികാപദുക്കോണിനെ ഒഴിവാക്കിയ വാര്‍ത്ത സ്ഥിരീകരിച്ച് നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസ്. വ്യാഴാഴ്ച ഔദ്യോഗികമായി വിവരം പുറത്തുവിട്ടു. രണ്ടുമാസം മുമ്പ് ദീപികയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു.’’ വൈജയന്തി മൂവിസ് ഔദ്യോഗിക കുറിപ്പ് പങ്കുവച്ചത് ഇങ്ങനെയാണ്. പോസ്റ്റില്‍ പറയുന്നു.

സമാനമായ സംഭവം സന്ദീപ് റെഡ്ഡി വാംഗയുടെ ‘സ്പിരിറ്റ്’ എന്ന സിനിമയിലും നടന്നിരുന്നു. പ്രഭാസ് അഭിനയിക്കുന്ന ‘സ്പിരിറ്റ്’ എന്ന സിനിമയില്‍ നിന്ന് ദീപിക പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 കോടി രൂപ പ്രതിഫലം, അമ്മയായതിന് ശേഷം 8 മണിക്കൂര്‍ മാത്രം ജോലി, ലാഭവിഹിതം പങ്കിടല്‍, തെലുങ്കില്‍ ഡയലോഗുകള്‍ പറയാന്‍ വിസമ്മതിക്കല്‍ തുടങ്ങിയ ദീപികയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വാംഗ തയ്യാറാവാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍, ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിലും സമാനമായ കാര്യങ്ങളാണ് സംഭവിച്ചതെന്നാണ് സൂചന. ആദ്യ ഭാഗത്തില്‍ ലഭിച്ച പ്രതിഫലത്തില്‍ 25 ശതമാനം വര്‍ധനവും ദിവസേന 7 മണിക്കൂര്‍ മാത്രം ഷൂട്ടിംഗ് ഷെഡ്യൂളും ദീപിക ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ആദ്യം നല്‍കിയ ഒരു അഭിമുഖത്തില്‍, ദീപിക പദുക്കോണ്‍ തന്റെ മകള്‍ ദുവയെക്കുറിച്ച് സംസാരിച്ചു. സെപ്റ്റംബര്‍ 8-ന് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പം ദുവയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചിരുന്നു. മകള്‍ തന്റെ ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്നും അവര്‍ പങ്കുവെച്ചു. ഒരിക്കല്‍ ഒരു സംവിധായകന്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ കുഞ്ഞിന്റെ അടുത്ത് പോകേണ്ടതിനാല്‍ അതിന് കഴിയില്ലെന്ന് ദീപിക പറഞ്ഞു.

ദീപികയുടെ ഈ പരാമര്‍ശം, സന്ദീപ് റെഡ്ഡി വാംഗയെക്കുറിച്ചാണെന്ന് പലരും ഊഹിച്ചു. ഇതിനുശേഷം പേര് പറയാതെ ഒരു നടിക്കെതിരെ വാംഗയും രംഗത്തെത്തിയിരുന്നു. ‘സ്പിരിറ്റ്’ എന്ന സിനിമയില്‍ ദീപികക്ക് പകരം വാംഗയുടെ ‘അനിമല്‍’ എന്ന സിനിമയിലെ നായികയായ തൃപ്തി ഡിമ്രിയെയാണ് പരിഗണിച്ചിരിക്കുന്നത്. ഇപ്പോള്‍, ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തില്‍ ദീപികയ്ക്ക് പകരം ആരായിരിക്കും എത്തുക എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.