ഇന്ത്യന്‍ സിനിമയ്ക്കു നല്കുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങില്‍ മലയാളത്തിന്റെ അഭിനയവിസ്മയം മോഹൻലാൽ ഏറ്റുവാങ്ങി. എന്നാൽ ഈ പരമോന്നത ചലച്ചിത്ര പുരസ്കാരം ആദ്യമായി ആർക്കാണ് ലഭിച്ചതെന്ന് അറിയാമോ?
ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ്. ഓരോ വർഷവും ദേശീയ ചലച്ചിത്ര അവാർഡ് വേളയിൽ ഇന്ത്യാ ഗവൺമെന്റാണ് ഇത് സമ്മാനിക്കുന്നത്. ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്ന് അറിയപ്പെടുന്ന ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം ഇന്ത്യാ ഗവൺമെന്റാണ് 1969-ൽ ഈ അവാർഡ് ആരംഭിച്ചത്.
എന്തുകൊണ്ടാണ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
1913-ൽ ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചർ സിനിമയായ രാജാ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെയാണ് ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്ന് അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ് നൽകുന്നത്.
ആദ്യ ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചത് ആർക്കാണ്?
ഈ അഭിമാനകരമായ പുരസ്കാരം ആദ്യമായി നേടിയത് ഒരു വനിതയായിരുന്നു. 1969-ൽ ആദ്യമായി ദാദാസാഹെബ് ഫാൽക്കെ അവാർഡ് നേടിയത് ഇതിഹാസ ഹിന്ദി ചലച്ചിത്ര നടി ദേവിക റാണിയാണ്. 17-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ വെച്ചാണ് അവർക്ക് ഈ പുരസ്കാരം ലഭിച്ചത്. ഇന്ത്യൻ സിനിമയുടെ തുടക്കകാലത്ത് മികച്ച അഭിനേത്രിയായും, ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതുകൊണ്ട് ദേവിക റാണി ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യന്‍ സിനിമ’ എന്ന് അറിയപ്പെട്ടു.
സ്വർണ്ണ കമലം (Golden Lotus) മെഡലിയനും, ഒരു ഷാളും, 10 ലക്ഷം രൂപയുടെ കാഷ്അവാര്‍ഡും ഈ അവാർഡിന് ഒപ്പമുണ്ട്. ഇപ്പോൾ 15 ലക്ഷം രൂപയാണ്. 1969-ൽ ദേവിക റാണിക്ക് ഈ പുരസ്കാരം ലഭിച്ചതിന് ശേഷം, ഇന്ത്യൻ സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ അഭിനേതാക്കൾ, ചലച്ചിത്ര നിർമ്മാതാക്കൾ, സംഗീതജ്ഞർ, ഗായകർ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങൾക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. 1ആദ്യത്തെ ദാദാസാഹെബ് ഫാൽക്കെ അവാർഡ് ദേവിക റാണിക്ക് ലഭിച്ചത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്, ഒപ്പം സിനിമാ വ്യവസായത്തിന് സ്ത്രീകളുടെ സംഭാവന എത്ര വലുതാണെന്ന് ഇത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.




