Featured Sports

മലപ്പുറത്തെ ഓട്ടോഡ്രൈവറുടെ മകന്‍, കേരളടീമില്‍ കളിച്ചില്ല; പക്ഷേ IPL അരങ്ങേറ്റം തകര്‍ത്തു

മലപ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ സീനിയര്‍ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരം മുംബൈ ഇന്ത്യന്‍സിനായി ഇന്നലെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഇംപാക്‌സ് പ്‌ളേയറായിട്ടായിരുന്നു താരമെത്തിയത്.

അര്‍ദ്ധസെഞ്ച്വറി നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായി ടീമില്‍ എത്തിയ അദ്ദേഹം ആദ്യ ഓവറില്‍ തന്നെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി. ഡീപ്പില്‍ വില്‍ ജാക്‌സ് ക്യാച്ചെടുത്തു. പിന്നാലെ ശിവം ദുബെയ്ക്കും വിഘ്‌നേഷിനെ കളിക്കുന്നതില്‍ പിഴച്ചു. ലോംഗ് ഓണില്‍ തിലക് വര്‍മ്മയ്ക്ക് ക്യാച്ച്.

മൂന്നാം വിക്കറ്റില്‍ ദീപക് ഹൂഡയെ മൂന്ന് റണസിന് കൂടി പുറത്താക്കി അദ്ദേഹം മൂന്നാം വിക്കറ്റും നേടി. മലപ്പുറത്തുനിന്നുള്ള 24 കാരനായ സ്പിന്നര്‍ പുത്തൂരിനെ മുംബൈ 30 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. കേരളത്തിനുവേണ്ടി സീനിയര്‍ തലത്തില്‍ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും അണ്ടര്‍ 14, അണ്ടര്‍ 19 തലങ്ങളില്‍ കളിച്ചിട്ടുണ്ട്. നിലവില്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിക്കുന്നു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ഈ യുവ സ്പിന്നര്‍ കളിച്ചിട്ടുണ്ട്. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെയും വീട്ടമ്മയുടെയും മകനായ പുത്തൂര്‍, പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫ് ലെഗ് സ്പിന്‍ പരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് മീഡിയം പേസ് ബൗളിംഗ് നടത്തിയിരുന്നു. തൃശൂരിലേക്ക് താമസം മാറുകയും കേരള കോളേജ് പ്രീമിയര്‍ ടി20 ലീഗില്‍ കളിക്കുകയും ചെയ്തതോടെ കരിയറിന്റെ ഗതി മാറി.

ഈ വര്‍ഷം ആദ്യം, അദ്ദേഹത്തെ സൗത്ത് ആഫ്രിക്ക 20 യ്ക്കായി അയച്ചു, അവിടെ അദ്ദേഹം അണ്ടര്‍ 19 കേപ് ടൗണിന്റെ നെറ്റ് ബൗളറായിരുന്നു.
2012 മുതല്‍ ഐപിഎല്‍ സീസണിലെ ആദ്യ മത്സരം പോലും ജയിച്ചിട്ടില്ലാത്ത മുംബൈയ്ക്ക്, അരങ്ങേറ്റക്കാരനായ പുത്തൂരിന്റെ 3-32 എന്ന സ്‌പെല്‍ ഏറ്റവും വലിയ പോസിറ്റീവ് ആയിരിക്കും.