ഹോളിവുഡ് ഏജന്റുമാര്‍ കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്ന, നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ഒരു അഭിനേത്രിയാണ് ടില്ലി നോര്‍വുഡ്. നടിയും ടെക്‌നോളജിസ്റ്റുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡെ സ്ഥാപിച്ച എഐ ടാലന്റ് സ്റ്റുഡിയോ ആയ ‘സിക്കോയ’ ആണ് ഈ കഥാപാത്രത്തെ വികസിപ്പിച്ചത്. ടില്ലി നോര്‍വുഡിന് വേണ്ടി ഒരു ഏജന്റിനെ നിയമിക്കാനൊരുങ്ങുകയാണ് എലൈന്‍.
അങ്ങിനെ സംഭവിച്ചാല്‍ ഒരു ഏജന്റ് വഴി പ്രൊഫഷണല്‍ കരാര്‍ നേടുന്ന ആദ്യത്തെ എഐ-നിര്‍മ്മിത അഭിനേത്രിയായി ടില്ലി നോര്‍വുഡ് മാറിയേക്കാം. സാധാരണയായി മനുഷ്യരായ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരം അവസരങ്ങള്‍ ലഭിക്കാറുള്ളത്. ‘എഐ കമ്മീഷണര്‍’ എന്ന സ്‌കെച്ച് കോമഡി സിനിമയിലാണ് നോര്‍വുഡ് ആദ്യമായി അഭിനയിച്ചത്. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല… എന്റെ ആദ്യത്തെ റോള്‍ പുറത്തുവന്നു! ഞാന്‍ ‘എഐ കമ്മീഷണര്‍’ എന്ന ഷോയില്‍ അഭിനയിക്കുന്നു.’ നോര്‍വുഡ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം ഹോളിവുഡ് താരങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്‍ ദ ഹൈറ്റ്‌സ് എന്ന ചിത്രത്തിലെ താരം മെലിസ ബരേര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ‘ഇത് ചെയ്യുന്ന ഏജന്‍സികളുമായി കരാറുള്ള എല്ലാ അഭിനേതാക്കളും അവരെ ഒഴിവാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് വളരെ മോശമാണ്.’ എന്നു കുറിച്ചു.
മറ്റില്‍ഡ എന്ന ചിത്രത്തിലെ താരം മാരാ വില്‍സണ്‍ ചോദിച്ചു: ‘ഒരുപാട് യുവതികളുടെ മുഖങ്ങള്‍ സംയോജിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചത്, എന്നാല്‍ ജീവിച്ചിരിക്കുന്ന അവരില്‍ ആരെയും നിങ്ങള്‍ക്ക് നിയമിക്കാന്‍ കഴിഞ്ഞില്ലേ?’ ഈ വിമര്‍ശനങ്ങള്‍ക്കിടയില്‍, ടില്ലി നോര്‍വുഡ് മനുഷ്യര്‍ക്ക് പകരമാകുന്നതല്ലെന്നും, അതൊരു കലാസൃഷ്ടിയാണെന്നും എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡെ വിശദീകരിച്ചു. നേരത്തെ, അഭിനേതാക്കളുടെ പ്രായം കുറയ്ക്കുന്നതിനും, മരിച്ച അഭിനേതാക്കളുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിനും, സിനിമ ട്രെയിലറുകള്‍ ഒരുക്കുന്നതിനും എഐ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഒരു എഐ അഭിനേത്രി മുഖ്യധാരയിലേക്ക് വരുന്നത് ഇത് ആദ്യമായാണ്.




