Featured Sports

ആരാണ് സൊനം യെ​ഷേ? ടി20 ക്രിക്കറ്റിൽ എട്ട് വിക്കറ്റ് നേട്ടം കൊയ്യുന്ന ലോകത്തിലെ ആദ്യ ബൗളർ- വീഡിയോ

ഗെലെഫു (ഭൂട്ടാന്‍): ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറായി ഭൂട്ടാന്റെ ഇടങ്കയ്യൻ സ്പിന്നർ സൊനം യേഷി ചരിത്രം കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഗെലിഫുവിൽ മ്യാൻമറിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലാണ് 22-കാരനായ സൊനം ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.

മ്യാന്‍മര്‍ ടീമിന്റെ ഭൂട്ടാന്‍ പര്യടനത്തിന്റെ ഭാഗമാണ് അഞ്ച് ട്വന്റി20 കളുടെ പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഭൂട്ടാന്‍ ഒന്‍പത് വിക്കറ്റിന് 127 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത മ്യാന്‍മര്‍ 9.2 ഓവറില്‍ 45 റണ്ണിന് ഓള്‍ഔട്ടായി. അതോടെ ഭൂട്ടാന്‍ മത്സരത്തില്‍ 82 റണ്ണിനു ജയിച്ചു. അഞ്ച് ട്വന്റി20 കളുടെ പരമ്പര ഭൂട്ടാന്‍ 3-0 ത്തിന് ഉറപ്പാക്കി. മ്യാന്‍മര്‍ നിരയില്‍ ഓപ്പണര്‍മാരായ പ്യായ് ഫിയോ വായ് (10), റ്റെറ്റ് ലിന്‍ ഒ (12) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. വായിയെ ബൗള്‍ഡാക്കിയാണു യെഷി വിക്കറ്റ് വേട്ട തുടങ്ങിയത്. ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു ബൗളര്‍ ഒരു മത്സരത്തില്‍ എട്ടു വിക്കറ്റെടുക്കുന്നത്.

നാല് ഓവറില്‍ ഏഴു റണ്‍ മാത്രം വിട്ടുകൊടുത്താണ് സോനം യെഷി എട്ടു വിക്കറ്റെടുത്തത്. മൂന്നാം ഓവറിലാണ് സോനം ആദ്യ വിക്കറ്റെടുത്തത്. ആ ഓവറില്‍ തന്നെ കോ കോ ലിന്‍ യു (0), നായകന്‍ റ്റെറ്റ് ലിന്‍ ഓങ് (0) എന്നിവരും പുറത്തായി. ഖിന്‍ അയെ (രണ്ട്), ലിന്‍ ഓ, തുയാ ഓങ് (0), കൗങ് ക്യാവ് (രണ്ട്), സ്വിവെ പെയ്ങ് (0) എന്നിവരെയും സോനം പുറത്താക്കി. നെയ്ന്‍ ചാനം സോയെയും (ഒന്ന്) കൗങ് കോ കോയെയും (മൂന്ന്) ആനന്ദ് മോംഗര്‍ പുറത്താക്കി. മ്യാറ്റ് തു ഔങ് ഏഴ് റണ്ണുമായി പുറത്താകാതെനിന്നു. ഭൂട്ടാനായി നമാഗാങ് ചെയ 45 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 50 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ നാംഗെ തിന്‍ലെയും (22 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 27) വെടിക്കെട്ടായി.



പരമ്പരയിലുടനീളം തകർപ്പൻ ഫോമിലായിരുന്ന യേഷി ആകെ 13 വിക്കറ്റുകളാണ് വീഴ്ത്തിയത്

പുരുഷ ട്വന്റി20 യില്‍ രണ്ട് ബൗളര്‍മാര്‍ മാത്രമാണ് ഇതുവരെ ഒരു മത്സരത്തില്‍ ഏഴ് വിക്കറ്റെടുത്തത്. മലേഷ്യയുടെ സായ്‌റുള്‍ ഇദ്രസ് 2023 ല്‍ ചൈനയ്‌ക്കെതിരേ എട്ട് റണ്‍ വഴങ്ങി ഏഴ് വിക്കറ്റെടുത്തു. ബഹ്‌റൈനിന്റെ അലി ദാവൂദ് ഈ വര്‍ഷം ഭൂട്ടാനെതിരേ 19 റണ്‍ വഴങ്ങി ഏഴ് വിക്കറ്റെടുത്തു. ലീഗ് തലത്തിലും രണ്ട് ബൗളര്‍മാര്‍ മാത്രമാണ് ഒരു മത്സരത്തില്‍ ഏഴ് വിക്കറ്റെടുത്തത്.

ലീസ്റ്റര്‍ഷയറിന്റെ കോളിന്‍ ഓകര്‍മാന്‍ ബിര്‍മിങാം ബിയേഴ്‌സിനെതിരേ 2019 ല്‍ 18 റണ്‍ വഴങ്ങി ഏഴ് വിക്കറ്റെടുത്തു. ദര്‍ബാര്‍ രാജ്ഷാഹിക്കായി തസ്‌കിന്‍ അഹമ്മദ് ധാക്കാ ക്യാപിറ്റല്‍സിനെതിരേ ഈ വര്‍ഷം 19 റണ്‍ വഴങ്ങിയും ഏഴ് വിക്കറ്റെടുത്തു. വനിതകളുടെ ട്വന്റി20 യിലെ മികച്ച ബൗളിങ് പ്രകടനം ഇന്തോനീഷ്യയുടെ റൊഹ്‌മാലിയയുടെ പേരിലാണ്.

മംഗോളിയയ്‌ക്കെതിരേ 2024 ല്‍ നടന്ന മത്സരത്തില്‍ റൊഹ്‌മാലിയ ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ ഏഴ് വിക്കറ്റെടുത്തു. 2022 ജൂലൈയിലാണു സോനം ട്വന്റി20 യില്‍ കന്നി മത്സരം കളിക്കുന്നത്. മലേഷ്യക്കെതിരേ നടന്ന മത്സരത്തില്‍ 16 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. 34 ട്വന്റി20 കളിലായി 37 വിക്കറ്റെടുക്കാനായി.

സൊനം യേഷി: അറിയേണ്ട കാര്യങ്ങൾ

2022-ൽ മലേഷ്യക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് സൊനം ശ്രദ്ധിക്കപ്പെടുന്നത്. അന്നുതൊട്ടിന്നുവരെ 35 മത്സരങ്ങളിൽ നിന്നായി 38 വിക്കറ്റുകൾ ഈ യുവതാരം സ്വന്തമാക്കി.

ബാറ്റിംഗ്: ടി20-യിൽ ആകെ 37 റൺസ്. 2023-ൽ മ്യാൻമറിനെതിരെ നേടിയ പുറത്താകാതെ 11 റൺസാണ് ഉയർന്ന സ്കോർ.

വിക്കറ്റുകൾ: 35 മത്സരങ്ങളിൽ നിന്ന് 38 എണ്ണം.

ശരാശരി (Average): 17.10.

ഇക്കോണമി റേറ്റ്: 5.5.