ജെന്‍സീ വന്‍ കലാപം കാഠ്മണ്ഡു കത്തിക്കുമ്പോള്‍ കോപത്തിനിരയായ നേപ്പാളി സുന്ദരിയും. 2018-ലെ മിസ് നേപ്പാള്‍ വേള്‍ഡ് ജേതാവും വാസ്തുശില്പിയുമായ ശ്രിങ്കല ഖതിവാഡ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അവരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളോ അന്താരാഷ്ട്ര അംഗീകാരങ്ങളോ കൊണ്ടല്ല, മറിച്ച് ആയിരക്കണക്കിന് നേപ്പാളി യുവജനങ്ങളുടെ കോപം സമ്പാദിച്ചതിന്റെ പേരിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ സുന്ദരിയെ അണ്‍ഫോളോ ചെയ്തത്.
കലാപത്തിനിടെ ഉയര്‍ന്നുവന്ന ‘നെപ്പോ കിഡ്‌സ്’ ഇമേജില്‍ ഉള്‍പ്പെടുത്തി നേപ്പാളിലെ ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെടുന്ന സുന്ദരിയായിട്ടാണ് ശ്രീങ്കല മാറിയിരിക്കുന്നത്. സോഷ്യല്‍മീഡിയ ആപ്പുകളുടെ നിരോധനമായിരുന്നു നേപ്പാളില്‍ പെട്ടെന്ന് കലാപമുണ്ടാകാന്‍ കാരണം. പ്രതിഷേധം വെറും സോഷ്യല്‍ മീഡിയ നിരോധനത്തില്‍ ഒതുങ്ങിയില്ല. അത് അസമത്വം, അഴിമതി, നേപ്പാളിലെ രാഷ്ട്രീയ പ്രമാണിമാരുടെ ആഡംബര ജീവിതം എന്നിവയിലേക്കും വ്യാപിച്ചു. ഇതോടെ ‘നെപ്പോ ബേബി’ ചര്‍ച്ചകളും ഉയര്‍ന്നുവന്നിരിക്കുന്നത്.
സാധാരണ കുടുംബങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കഷ്ടപ്പെടുമ്പോള്‍, രാഷ്ട്രീയക്കാരുടെ മക്കള്‍ വിലകൂടിയ ഹാന്‍ഡ്ബാഗുകള്‍ പ്രദര്‍ശിപ്പിക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും അമേരിക്കയില്‍ നിന്നും അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് നേപ്പാളിലെ യുവാക്കള്‍ വാദിച്ചു. ‘നമ്മുടെ നികുതി, അവരുടെ ആഡംബരം’ പോലുള്ള മുദ്രാവാക്യങ്ങള്‍ ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിച്ചു. നേപ്പാളിലെ മുന്‍ ആരോഗ്യമന്ത്രിയുടെ മകള്‍ ആയതിനാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രിങ്കല ഖതിവാഡയും കലാപകാരികളുടെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി. ആരോഗ്യമന്ത്രിയായിരുന്ന ബിരോദ് ഖതിവാഡയുടെയും ബാഗ്മതി പ്രവിശ്യയിലെ സംസ്ഥാന പാര്‍ലമെന്റ് അംഗമായ മുനു സിഗ്‌ദെല്‍ ഖതിവാഡയുടെയും മകളാണ് ഇവര്‍.
ശ്രിങ്കല ഇന്‍സ്റ്റാഗ്രാമിലെ വെറുമൊരു മുഖമല്ല. നേപ്പാളിലെ ഏറ്റവും പ്രശസ്തരായ സൗന്ദര്യറാണിമാരില്‍ ഒരാളാണവര്‍. 1995-ല്‍ ഹെതൗഡയില്‍ ജനിച്ച അവര്‍ വാസ്തുവിദ്യയില്‍ പഠനം പൂര്‍ത്തിയാക്കുകയും ക്ലാസ്സില്‍ ഒന്നാമതെത്തുകയും ചെയ്തു. പിന്നീട് ഹാര്‍വാര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് നഗരാസൂ ത്രണത്തില്‍ ബിരുദാനന്തരബിരുദം നേടി. 2018-ല്‍ മിസ് നേപ്പാള്‍ വേള്‍ഡ് കിരീടം നേടിയ അവര്‍ മിസ് വേള്‍ഡ് മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരി ക്കുകയും, മികച്ച 12 പേരില്‍ ഇടം നേടുകയും ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് എല്ലാം തിരിച്ചടിയായിരിക്കുകയാണ്.




