ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിന്റെ പ്രതിപ്പട്ടികയില്‍ ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്‌സിറ്റിയുടെ സ്‌ഥാപകനും മാനേജിങ് ട്രസ്‌റ്റിയുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെയും ഉള്‍പ്പെടുത്തി. ഈ സര്‍വകലാശാലയില്‍ ജോലി ചെയ്‌തിരുന്നവരാണ് കേസിലെ പ്രധാന പ്രതികളായ ഡോ. ഷഹീന്‍ സഈദും ഡോ. മുജമ്മില്‍ ഷക്കീലും ഡോ. ഉമര്‍ നബിയും.
സര്‍വകലാശാലക്ക് ലഭിച്ച ധനസഹായം സംബന്ധിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്.
സിദ്ദിഖിക്ക് ‘വിപുലമായ കോര്‍പ്പറേറ്റ്’ ബന്ധങ്ങളുണ്ട്. 7.5 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ അദ്ദേഹം മൂന്ന് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അതേസമയം, സിദ്ദിഖിക്കെതിരേയുള്ള എല്ലാ തട്ടിപ്പ് ആരോപണങ്ങളും സര്‍വകലാശാലയുടെ നിയമോപദേഷ്‌ടാവ്, മുഹമ്മദ് റാസി നിഷേധിച്ചു. ഷക്കീലിന്റെ നിയമനത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത് വൈസ് ചാന്‍സിലറുടെ ജോലിയാണെന്നും റാസി അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിലെ മ്‌ഹോവില്‍ ജനിച്ച സിദ്ദിഖി, യുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്‌റ്റുമായി ബന്ധമുള്ള ഒമ്പത് കമ്പനികളുടെ ബോര്‍ഡംഗമാണ്. ഈ ഒമ്പത് കമ്പനികളും വിദ്യാഭ്യാസം, സോഫ്‌റ്റ്‌വേര്‍, ധനകാര്യ സേവനങ്ങള്‍, ഊര്‍ജം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
ഈ സ്‌ഥാപനങ്ങളില്‍ ഭൂരിഭാഗവും ഡല്‍ഹിയിലെ ജാമിയ നഗറിലുള്ള അല്‍ ഫലാ ഹൗസിന്റെ പേരിലാണു രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. അതിന്റെ പേരില്‍ ഇ.ഡിക്ക് സംശയങ്ങളുണ്ട്.
ഈ കമ്പനികളില്‍ മിക്കവയും 2019 വരെ സജീവമായിരുന്നു. അതിനുശേഷം അവ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്‌തു.
അല്‍ ഫലാ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ 1997 ല്‍ എന്‍ജിനീയറിങ് കോളജായി ആരംഭിക്കുകയും ഇപ്പോള്‍ 78 ഏക്കര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഇത് എന്‍.എ.എ.സിയുടെ അന്വേഷണം നേരിടുകയാണ്. അല്‍ ഫലാ ബില്‍ഡിങ് അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ഓഫീസും കൂടിയാണ്.
ജാവേദ് അഹമ്മദ് സിദ്ദിഖിക്ക് ജയില്‍ ശിക്ഷ ലഭിച്ച ക്രിമിനല്‍ കേസ് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി പോലീസ് സ്‌റ്റേഷനിലാണ് രജിസ്‌റ്റര്‍ ചെയ്‌തത്. അല്‍ ഫലാ ഗ്രൂപ്പ് ഓഫ് കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യാജ നിക്ഷേപ പദ്ധതികള്‍ സിദ്ദിഖിയും കൂട്ടാളികളും നടത്തിയെന്നായിരുന്നു ആരോപണം. പണം സ്വീകരിച്ച്, രേഖകള്‍ വ്യാജമാക്കി അവ ഓഹരികളായി മാറ്റി എന്ന് വരുത്തിത്തീര്‍ത്ത്, 7.5 കോടി രൂപ വ്യക്‌തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആരോപണം.
2001 ല്‍ സിദ്ദിഖിയെ അറസ്‌റ്റ് ചെയ്‌തു. 2004 ഫെബ്രുവരിയില്‍, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതിച്ചതിനുശേഷമാണ് അദ്ദേഹം ജാമ്യം നേടിയത്.
ഏറ്റവുമൊടുവില്‍, 2020 ജനുവരിയില്‍ ഡല്‍ഹി പോലീസ് ഓഖല ഓഫീസില്‍ റെയ്‌ഡ് നടത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം കുടുംബങ്ങളില്‍പ്പെട്ട നിരവധി നിക്ഷേപകരെ ‘ഹലാല്‍’ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിച്ച് സിദ്ദിഖി തട്ടിപ്പ് നടത്തിയെന്ന പരാതിയിലായിരുന്നു റെയ്‌ഡ്.




