Featured Good News

റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിത; പൈലറ്റായ ശിവാംഗി സിങിന്റെ ലക്ഷ്യം ബഹിരാകാശം

ഇന്ത്യൻ വ്യോമസേന പൈലറ്റ് ശിവാംഗി സിംഗ് പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായി എന്ന വൈറൽ അവകാശവാദം വസ്തുതാ പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റാണ് സിംഗ്. ശിവാംഗിയെക്കുറിച്ച് ഇതാ കൂടുതല്‍ കാര്യങ്ങള്‍…

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ വ്യോമസേനയുടെ മ്യൂസിയം സന്ദര്‍ശിച്ചിരുന്ന ഒരു കൊച്ച് പെണ്‍കുട്ടി വിമാനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നു. ശിവാംഗി സിങിന്റെ മനസ്സില്‍ അന്നേ പൈലറ്റ് ആകണമെന്ന മോഹമുണ്ടായിരുന്നു. ഇന്ന് തന്റെ 29-ാം വയസ്സില്‍ ആധുനിക ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റുമാണ് ലെഫ്‌നന്റ് ശിവാംഗി സിങ്.

1995 മാർച്ച് 15 ന് ഉത്തർപ്രദേശിലെ വാരണാസിയിലാണ് ശിവാംഗി സിംഗ് ജനിച്ചത്. ശിവാംഗി വാരണാസിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ബനാറസ് ഹിന്ദു സർവകലാശാലയിൽ (BHU) നിന്ന് ബിരുദം നേടി. പറക്കലിനോടുള്ള അവളുടെ അഭിനിവേശം അവളെ ബനാറസ് ഹിന്ദു സർവകലാശാലയിലെ 7 UP എയർ സ്ക്വാഡ്രൺ NCC-യിൽ ചേരാൻ പ്രേരിപ്പിച്ചു. 2016 ജൂലൈയിൽ, ഹൈദരാബാദിലെ വ്യോമസേന അക്കാദമിയിൽ പരിശീലനം ആരംഭിച്ചു.

സൈനിക നയങ്ങളില്‍ മാറ്റം വരുത്തി 2015 ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി സ്ത്രികളെ യുദ്ധവിമാന പൈലറ്റുമാരായി നിയമിക്കുന്നത്. കായിക രംഗത്തും അക്കാദമിക്‌സിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ഈ മേഖലയില്‍ ശിവാംഗി സ്ഥാനമുറപ്പിച്ചത്. ഇന്ത്യയുടെ പ്രതിരോധ നവീകരണത്തിന്റെ ഭാഗമായ അത്യാധുനിക യുദ്ധവിമാനമായ ഫ്രഞ്ച് നിര്‍മിത സിംഗിള്‍ സീറ്റ് റഫാല്‍ ജെറ്റുകള്‍ പറത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് ശിവാംഗി.

ഫ്രഞ്ച് ഇന്‍സ്ട്രക്ടറുടെ കീഴിലായി സിമുലേറ്റര്‍ പരിശീലനത്തിന് ശേഷം 2020ല്‍ റാഫാലുമായുള്ള ശിവാംഗിയുടെ യാത്ര ആരംഭിച്ചു. കോക്ക്പിറ്റില്‍ ആദ്യമായി ഇരുന്ന സമയത്ത് ഉത്കണ്ഠയും ഭീതിയുമുണ്ടായിരുന്നുവെന്നും ഒറ്റയ്ക്കുള്ള പറക്കല്‍ അവിശ്വസനീയമായ ആവേശാനുഭവമായിരുന്നുവെന്നും ശിവാംഗി പറഞ്ഞു.

2023ലെ ഔദ്യോഗികമായി കണക്കുകളനുസരിച്ച് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റുമാര്‍ ഉള്‍പ്പടെ 1600 ലധികം വനിതാ ഓഫീസറുമാരുണ്ട്. വിദ്യാഭ്യാസം നേടാനും സ്വാതന്ത്രമായി ചിന്തിച്ച് തീരുമാനമെടുക്കാനും പ്രോത്സാഹിപ്പിച്ചു കൂടെനിന്ന അമ്മയാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്നും ശിവാംഗി പറയുന്നു.

മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന് ഇന്ത്യ ഒരുങ്ങുമ്പോള്‍ അതിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പുകള്‍ ശിവാംഗി തുടങ്ങി കഴിഞ്ഞു. ബഹിരാകാശ ദൗത്യത്തിലേക്കുള്ള ചവിട്ട്പടിയായി പരീക്ഷണ പൈലറ്റാകാനായി അപേക്ഷ സമര്‍പ്പിച്ചു. ഇതും സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ശിവാംഗി.