Celebrity

ബ്രൂക്‌സ് നാഡറിന്റെ സൂപ്പര്‍ഹോട്ട് ഡേറ്റിംഗ് ; US ഓപ്പണ്‍ ഫൈനലിസ്റ്റുകളായ രണ്ടുപേരുമായി ഒരേസമയം

ഒരാളുമായി തന്നെ ഡേറ്റിംഗ് വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഒരേസമയം രണ്ടുപേരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടാല്‍ എങ്ങിനിരിക്കും? സ്‌പോര്‍ട്‌സ് ഇല്ല്യൂസ്‌റ്റേറ്റഡ് മാസികയുടെ സൂപ്പര്‍ഹോട്ട് മോഡലായ ബ്രൂക്‌സ് നാഡറിനെതിരേയാണ് ഈ കുപ്രചരണം. യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ഏറ്റുമുട്ടിയ എതിരാളികള്‍ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാരസും റണ്ണറപ്പ് ജാനിക് സിന്നറുമായി ഒരേസമയം നാഡര്‍ ഡേറ്റിംഗിലായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹോളിവുഡിലെ അടുത്തിടെ വന്‍ ഹിറ്റായി മാറിയ സെന്‍ഡായയുടെ ചലഞ്ചേഴ്‌സ് സിനിമയ്ക്ക് സമാനമാണ് ടെന്നീസ് കോര്‍ട്ടിന് പുറത്തെ ഈ പ്രണയം. ഈ ഗോസിപ്പ് പുറത്തുവന്നിരിക്കുന്നത് ബ്രൂക്‌സിന്റെ സഹോദരി ഗ്രേസ് ആനിന്റെ വായില്‍ നിന്നുമാണ്. പേജ് സിക്‌സ് റേഡിയോയ്ക്ക് നല്‍കിയ വെളിപ്പെടുത്തലില്‍ രണ്ടുപേരെയും ബ്രൂക്‌സ് രസിപ്പിച്ചെന്നാണ് പറഞ്ഞത്. ഈ രഹസ്യം പുറത്തുപറഞ്ഞാല്‍ മൂക്കിടിച്ച് പരത്തുമെന്ന് ബ്രൂക്‌സ് തന്നെ ഭീഷണിപ്പെടുത്തിയതായും ആനിന്റെ വെളിപ്പെടുത്തലില്‍ പറയുന്നു.

ജിമ്മി കിമ്മല്‍ എന്ന അവതാരകന്‍ സിന്നറെക്കുറിച്ച് ബ്രൂക്സിനോട് ചോദിച്ചപ്പോള്‍, അവള്‍ ഒഴിഞ്ഞുമാറി സംസാരിച്ചത് ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ”ഇതൊരു ചോദ്യം ചെയ്യലാണോ? എനിക്ക് ഭയമാകുന്നു… നിങ്ങള്‍ അടുത്തെത്തി. നിങ്ങള്‍ ഊഹിച്ചത് ശരിയാണ്,” എന്ന് അവള്‍ കളിയായി പറഞ്ഞു. എന്നാല്‍, യഥാര്‍ത്ഥ ട്വിസ്റ്റ് സംഭവിച്ചത് യുഎസ് ഓപ്പണ്‍ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വന്നപ്പോഴാണ്. സെമി ഫൈനലില്‍ അവള്‍ കാര്‍ലോസ് അല്‍ക്കാരാസിന് വേണ്ടി കോര്‍ട്ടിനരികില്‍ നിന്ന് ആര്‍പ്പുവിളിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഗ്രേസ് ആന്‍ ഇത് സ്ഥിരീകരിച്ചു: ”ആ ഗോസിപ്പുകള്‍ സത്യമാണ്. ഡേറ്റിംഗ് എന്നത് വളരെ സാധാരണമാണ്. പക്ഷേ ഇപ്പോള്‍ താരം അയാളാണെന്ന് എനിക്കറിയാം,” ആന്‍ കൂട്ടിച്ചേര്‍ത്തു.

ലൂസിയാനയിലെ ബാറ്റണ്‍ റൂജില്‍ ജനിച്ച ബ്രൂക്ക് നാഡര്‍ അമേരിക്കന്‍ മോഡലും, മാധ്യമ പ്രവര്‍ത്തകയുമാണ്. 2019-ല്‍ ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് സ്പോര്‍ട്സ് ഇല്ലസ്‌ട്രേറ്റഡ് സ്വിം സെര്‍ച്ച് മത്സരം വിജയിച്ചതോടെയാണ് അവര്‍ക്ക് വലിയ ശ്രദ്ധ ലഭിച്ചത്. അതിനുശേഷം, അവര്‍ നിരവധി സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ട് ഇഷ്യൂകളില്‍ ഇടം നേടുകയും, 2023-ല്‍ കവര്‍ മോഡലാകുകയും ചെയ്തു. മേരി, ഗ്രേസ്, സാറ എന്നിവര്‍ അവരുടെ സഹോദരിമാരാണ്.

ബ്രൂക്‌സ് 2019-ല്‍ പരസ്യ എക്‌സിക്യൂട്ടീവായ ബില്ലി ഹെയറിനെ വിവാഹം കഴിച്ചു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ ദാമ്പത്യം സൗഹാര്‍ദ്ദപരമായി അവസാനിക്കുകയും, 2022-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. 2024-ല്‍ ഗ്രീസിലെയും ഡെന്‍മാര്‍ക്കിലെയും രാജകുമാരനായ കോണ്‍സ്റ്റന്റൈന്‍-അലക്‌സിയുമായി ബ്രൂക്‌സ് പ്രണയബന്ധത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. റോഡ് ഐലന്‍ഡില്‍ വെച്ച് നടന്ന ഒലിവിയ കല്‍പോയുടെ വിവാഹത്തിന് അവര്‍ ഒരുമിച്ച് പങ്കെടുക്കുകയും, പൊതുവേദിയില്‍ സ്‌റ്റൈലിഷ് ആയി പ്രത്യക്ഷപ്പെടുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്രൂക്‌സിന് ഏകദേശം 4 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.