Lifestyle

മലേഷ്യന്‍ കോടീശ്വരപുത്രന്‍ സന്യാസിയായി; ഉപേക്ഷിച്ചത് 40,000 കോടി

മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്റെ മകന്‍ ലളിതജീവിതത്തിനും സന്യാസത്തിനും വേണ്ടി ഉപേക്ഷിച്ചത് 40,000 കോടിയുടെ ആസ്തി. മലേഷ്യന്‍ ടെലികോം വ്യവസായി ആനന്ദ കൃഷ്ണന്റെ മകന്‍ വെന്‍ അജാന്‍ സിരിപന്യോയാണ് മനുഷ്യര്‍ ആഡംബര ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

പിതാവിന്റെ അപാരമായ സമ്പത്തുണ്ടായിട്ടും 18-ാം വയസ്സില്‍ തന്റെ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിച്ചുള്ള ജീവിതമാണ് സിരിപന്യോ തിരഞ്ഞെടുത്തത്. സൗത്ത് ചൈന പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എകെ എന്നറിയപ്പെടുന്ന ആനന്ദ കൃഷ്ണന്‍ മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്. ആസ്തി 5 ബില്യണ്‍ യുഎസ് ഡോളറിലധികമാണ് (ഏകദേശം 40,000 കോടി രൂപ).

ടെലികമ്മ്യൂണിക്കേഷന്‍, ഉപഗ്രഹങ്ങള്‍, മാധ്യമങ്ങള്‍, എണ്ണ, വാതകം, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ആനന്ദ കൃഷ്ണന്റെ ബിസിനസ്സ് സാമ്രാജ്യം. എംഎസ് ധോണി ക്യാപ്റ്റനായ പ്രശസ്ത ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒരിക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത എയര്‍സെലിന്റെ മുന്‍ ഉടമ കൂടിയാണ് അദ്ദേഹം. വെന്‍ അജാന്‍ സിരിപാന്‍യോയുടെ പിതാവ് ഒരു പ്രമുഖ വ്യവസായിയാണെങ്കില്‍, അമ്മ മോംവജറോങ്സെ സുപൃന്ദ ചക്രബന്‍ തായ് രാജകുടുംബത്തിന്റെ ബന്ധുവാണ്.

അതേസമയം സന്യാസം പിന്തുടരാനുള്ള വെന്‍ അജാന്‍ സിരിപന്‍യോയുടെ തീരുമാനം, ഭക്തനും ബുദ്ധമതക്കാരനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തിന്റെ പിതാവ് ആഴത്തില്‍ ബഹുമാനിക്കുന്നുണ്ട്. യുകെയില്‍ തന്റെ രണ്ട് സഹോദരിമാര്‍ക്കൊപ്പം വളര്‍ന്ന അദ്ദേഹം പതിനെട്ടാം വയസ്സില്‍ അമ്മയുടെ നാടായ തായ്ലന്‍ഡ് സന്ദര്‍ശിക്കുകയും വിനോദത്തിനായി ഒരു റിട്രീറ്റില്‍ താല്‍ക്കാലികമായി താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ് സ്ഥിരമായ സന്യാസ ജീവിതത്തിലേക്ക് നയിച്ചത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അദ്ദേഹം ഇപ്പോള്‍ ഒരു വനസന്യാസിയും തായ്ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ഡിതാവോ ഡം ആശ്രമത്തിന്റെ മഠാധിപതിയുമാണ്.

ഇംഗ്ലീഷുള്‍പ്പെടെ എട്ട് ഭാഷകളില്‍ വരെ പ്രാവീണ്യമുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന് അറിയാവുന്ന ഭാഷകളില്‍ തമിഴും തായ്ക്കും സാധ്യതയുണ്ടെന്ന് സൗത്ത് ചൈന പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സന്യാസിയായി ജീവിക്കുന്നുണ്ടെങ്കിലും, ഇടയ്ക്കിടെ ആവശ്യമുള്ളപ്പോള്‍ സിരിപന്യോ തന്റെ പഴയ ജീവിതശൈലിയിലേക്ക് മടങ്ങും. ബുദ്ധമതത്തിന്റെ ഒരു തത്വം കുടുംബസ്നേഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനാല്‍, ചിലപ്പോള്‍ അദ്ദേഹം പിതാവിനെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തും, അതും അല്‍പ്പം ആഢംബരമായിത്തന്നെ.

ഉദാഹരണത്തിന്, ഒരിക്കല്‍ അദ്ദേഹം ഇറ്റലിയില്‍ തന്റെ പിതാവിനെ കാണാന്‍ ഒരു സ്വകാര്യ ജെറ്റാണ് ഉപയോഗിച്ചത്. പെനാങ് ഹില്ലിലെ ഒരു ആത്മീയ റിട്രീറ്റിലും അദ്ദേഹം പങ്കെടുത്തു, പിന്നീട് അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം അച്ഛന്‍ അത് വാങ്ങി.