ഇന്ത്യയില്‍ നദികള്‍ക്ക് സാമ്പത്തികവും ചരിത്രപരവുമായി മാത്രമല്ല മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ഇവിടെ നദികള്‍ ഇന്ത്യയുടെ ജീവനാഡി എന്നാണ് അറിയപ്പെടുന്നത്. കാരണം, നദികള്‍ കൃഷിയുടെയും ജലവിതരണത്തിന്റെയും പ്രധാന ഉറവിടം മാത്രമല്ല, സാംസ്‌കാരികവും ആത്മീയവുമായ വീക്ഷണകോണില്‍ കൂടി പ്രധാനമാണ്. എന്നിരുന്നാലും നദികളിലെ മലിനീകരണം മൂലം മിക്കവാറും ജലം മലിനവും കൃഷി ഉള്‍പ്പെടെ മുഴുവന്‍ ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു.
അതേസമയം ഇന്ത്യയില്‍ ശുദ്ധിയും വൃത്തിയുമുള്ള അനേകം നദികള്‍ കൂടി നമുക്കുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഉംഗോട്ട് നദിയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയെന്ന് നമുക്ക് വിളിക്കാനാകും. ഈ നദിയിലെ വെള്ളം വളരെ ശുദ്ധമാണ്, നിങ്ങള്‍ക്ക് നദിയുടെ അടിഭാഗം വരെ കാണാനാകും. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഡാവ്കി സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെ ഈ നദി വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലാണ്. ചുറ്റുമുള്ള കുന്നുകളില്‍ നിന്നുമുള്ള ജലപ്രവാഹങ്ങളാണ് നദിയില്‍ എത്തുന്നത്. പ്രദേശവാസികള്‍ ഈ നദിയെ വളരെ പവിത്രമായി കണക്കാക്കുന്നതിനാല്‍ ഈ പുഴ മലിനമാകാന്‍ ഇവിടുത്തെ ജനങ്ങളും അനുവദിക്കുന്നില്ല. ഈ നദി പ്രാദേശികമായി ഉംനോഗട്ട് എന്നും ഡാവ്കി നദി എന്നും അറിയപ്പെടുന്നു.
വളരെ പ്രകാശമുള്ള ദിനങ്ങളില്‍ താഴെയുള്ള ഉരുളന്‍ കല്ലുകള്‍ എണ്ണാന്‍ കഴിയും. ഉംഗോട്ട് നദിയിലെ സ്ഫടിക ശുദ്ധമായ വെള്ളത്തില്‍ ബോട്ടിംഗ് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരു അനുഭവമാണ്. അസാധാരണമായ വ്യക്തതയ്ക്കും സുതാര്യതയ്ക്കും പേരുകേട്ട ഈ നദിയിലെ വെള്ളം വളരെ വ്യക്തമാണ്, നിങ്ങള്‍ക്ക് നദീതടവും താഴെയുള്ള പാറകളും കാണാന്‍ കഴിയും.
മേഘാലയയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡാവ്കി പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ക്യാമ്പ് ചെയ്യുന്നവര്‍ക്കും ഒരു പറുദീസയാണ്. ലോകത്തിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഒന്നായ സൊഹ്റ എന്നറിയപ്പെടുന്ന ചിറാപുഞ്ചി മേഘാലയയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.